ദുബായ്: ഗൾഫ് പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നതിനിടെ ഡിസംബറിൽ നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ സമ്മേളനം നിർണായകമാകുമെന്ന് വിലയിരുത്തൽ. അതേസമയം അഭിപ്രായ ഭിന്നതകൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡിസംബറിൽ നടക്കേണ്ട സാധാരണ സമ്മേളനം ഇതാദ്യമായി മുടങ്ങിയേക്കുമെന്ന വിലയിരുത്തലും മേഖലയിൽ സജീവമാണ്.
ഡിസംബറിൽ നടക്കാനിരിക്കുന്ന ജിസിസി സമ്മേളനത്തിൽ ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രശ്‌നത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന കുവൈറ്റ് അമീർ ഈയിടെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇറാഖിന്റെ കുവൈറ്റ് അധിനിവേശം, അതിനെ തുടർന്നുണ്ടായ ഗൾഫ് യുദ്ധം തുടങ്ങിയ നിർണായക ഘട്ടങ്ങളിൽ പോലും മുടങ്ങിയിട്ടില്ലാത്ത ജിസിസി സമ്മേളനം ഇത്തവണ തടസ്സപ്പെട്ടേക്കുമെന്നു തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. കുവൈറ്റിലെ ഒരു ഉന്നത തല പ്രതിനിധിയുടെ അഭിപ്രായ പ്രകാരം ഡിസംബറിൽ ജിസിസി സമ്മേളനം നടക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. അങ്ങനെ വന്നാൽ മേഖലയുടെ പൊതുതാല്പര്യങ്ങൾക്കായി 81ൽ നിലവിൽ വന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ ഭാവി അപകടത്തിലാവും. ഖത്തറിനെതിരെ ഉപരോധം നിലവിൽ വന്ന് നാലു മാസം പിന്നിട്ടിട്ടും പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാൻ കഴിയാത്ത സംഘടനയ്‌ക്ക് ഇനി എങ്ങനെ മുന്നോട്ടു പോകാൻ കഴിയുമെന്ന ചോദ്യം അംഗരാജ്യങ്ങൾക്കിടയിൽ തന്നെ സജീവമായ ചർച്ചയായിട്ടുണ്ട്. ആറ് അംഗങ്ങൾ മാത്രമുള്ള കൗൺസിലിൽ മൂന്ന് അംഗങ്ങളുള്ള സൗദി സഖ്യരാജ്യങ്ങൾക്ക് കുവൈറ്റിന്റെയോ ഒമാനിന്റെയോ പിന്തുണയില്ലാതെ ഖത്തറിനെതിരെ കടുത്ത തീരുമാനങ്ങളൊന്നും സ്വീകരിക്കാൻ കഴിയില്ല. ഇക്കാരണത്താൽ ജിസിസിയിൽ ചർച്ച ചെയ്തു തങ്ങളുടെ നിലപാടിന് മേധാവിത്വം സ്ഥാപിച്ചെടുക്കാൻ കഴിയില്ലെന്ന പൂർണബോധ്യം ഉപരോധ രാജ്യങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ ഗൾഫ് സഹകരണ കൗൺസിലിൽ ചർച്ച ചെയുന്നതിന് പകരം വരാനിരിക്കുന്ന ക്യാംപ് ഡേവിഡ് യു.എസ് - ജി.സി.സി സംയുക്ത ഉച്ചകോടിയിൽ പ്രശ്നം ചർച്ച ചെയ്‌യാനായിരിക്കും സൗദി സഖ്യരാജ്യങ്ങൾ ശ്രമിക്കുക.അതേസമയം പ്രതിസന്ധിയെ തുടർന്ന് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സാധാരണക്കാരുടെ ഭാവി ഇനി എന്താകുമെന്നു കാത്തിരുന്ന് കാണണം.
