കൊല്ലം: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. കേസിലെ മുഖ്യപ്രതി പ്രിന്‍സ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ കൊല്ലം റൂറല്‍ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ഗള്‍ഫിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ നാനൂറിലേറെ പേര്‍ക്കാണ് പണം നഷ്ടമായത്. മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കണക്ക്. തട്ടിപ്പ് സംഘത്തിലെ പ്രധാനി പത്തനംതിട്ട സ്വദേശി പ്രിന്‍സിനെ പിടികൂടാന്‍ ഇതുവരെ പൊലീസിനായിട്ടില്ല. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം തുടങ്ങി വിവിധ ജില്ലകളിലുള്ളവര്‍ക്കാണ് പണം നഷ്ടമായിട്ടുള്ളത്. വന്‍ലോബിയാണോ ഇതിന് പിന്നിലുള്ളതെന്നും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

സംഭവവുമായി ബന്ധപ്പെട്ട് ഓരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശിയും പ്രാദേശിക ബിജെപി നേതാവുമായ ബിജുവാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിന്‍റെ കൊല്ലം ജില്ലയിലെ മുഖ്യ ആസൂത്രകനായിരുന്ന ഹരികൃഷ്ണന്‍റെ അച്ഛനാണ് ബിജു. ഹരികൃഷ്ണനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ റൂറല്‍ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.