ദുബായ്: മയക്കു മരുന്ന് കടത്തും ഉപയോഗവും തടയാന്‍ ഗള്‍ഫു രാജ്യങ്ങള്‍ ഏകീകൃത സംവിധാനത്തിന് രൂപം നല്‍കുന്നു. കഴിഞ്ഞ ദിവസം ദോഹയില്‍ ചേര്‍ന്ന ജിസിസി രാജ്യങ്ങളുടെ ഇതുസംബന്ധിച്ച അടിയന്തിര യോഗത്തിലാണ് തീരുമാനം ഉണ്ടായത്. മയക്കുമരുന്ന് വിഭാഗത്തില്‍ പെടുന്ന ഗുളികകളും മറ്റുല്‍പ്പന്നങ്ങളും പിടിച്ചെടുക്കാനും പ്രതികളെ രാജ്യാന്തര തലത്തില്‍ വിചാരണ ചെയ്യാനും അനുമതി നല്‍കുന്നതാണ് പുതിയ പദ്ധതി.
മയക്കു മരുന്ന് കടത്തും ഉപയോഗവും രാജ്യാന്തര തലത്തില്‍ തന്നെ തടയുന്നതിനും പ്രതികളെ ശിക്ഷിക്കുന്നതിനുമുള്ള കുറേകൂടി സമഗ്രമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള മയക്കു മരുന്ന് പ്രതിരോധ വിഭാഗം ദോഹയില്‍ യോഗം ചേര്‍ന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങള്‍ക്ക് പൊതുവായ ഒരു അന്വേഷണ സംഘത്തിനു രൂപം നല്‍കുകയാണ് യോഗത്തിലെ പ്രധാന തീരുമാനം. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടു ലഭിക്കുന്ന സന്ദേശങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പരസ്പരം കൈമാറുക, ആവശ്യമായ പരിശീലനം നല്‍കുക തുടങ്ങിയവയെല്ലാം ഈ പ്രത്യേക കൗണ്‍സിലിന് കീഴില്‍ വരും. കുറ്റവാളികളെ രാജ്യാന്തര തലത്തില്‍ വിചാരണ നടത്തി ശിക്ഷിക്കുന്നതിനും ഈ പ്രത്യേക സമിതിക്ക് അധികാരമുണ്ടായിരിക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്തു വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം സംഘങ്ങളെ ഫലപ്രദമായി നേരിടാനും ഉന്മൂലനം ചെയ്യാനുമുള്ള ശ്രമങ്ങള്‍ ജിസിസി രാജ്യങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. കഴിഞ്ഞ മാസം പലപ്പോഴായി ദോഹ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വലിയ അളവിലുള്ള മയക്കുമരുന്ന് അധികൃതര്‍ പിടികൂടിയിരുന്നു.മയക്കുമരുന്ന് കടത്തും ഉപയോഗവും വര്‍ധിച്ചു വരുന്നത് ഗള്‍ഫ് മേഖലയുടെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ ഭീഷണിയായി മാറുന്നതായി യോഗം വിലയിരുത്തി.
