ഹൈദരാബാദ്: രോഹിത് വെമുലയുടെ ജാതി അന്വേഷിക്കാൻ ഗുണ്ടൂർ ജില്ലാ കലക്ടർ കാന്തിലാൽ ദൻഡെ വീണ്ടും ഉത്തരവിട്ടു.കഴിഞ്ഞയാഴ്ച ദേശീയ പട്ടികജാതി കമ്മീഷന് രോഹിത് വെമുല ദളിത് വിഭാഗത്തിലെ മാല ജാതിയിൽ ഉൾപ്പട്ടതാണെന്ന് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു.എന്നാൽ വിഷയത്തിൽ വീണ്ടും വ്യത്യസ്ത വാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് റവന്യൂ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വീണ്ടും അന്വേഷണം നടത്താനുള്ള തീരുമാനമെന്ന് കലക്ടർ വിശദീകരിച്ചു.

ഇത് മൂന്നാം വട്ടമാണ് രോഹിത്തിന്‍റെ ജാതിയിൽ അന്വഷണം നടത്തുന്നത്.ആദ്യം രോഹിത് ദളിതല്ലന്ന റിപ്പോർട്ടും രണ്ടാമത് ദളിത് വിഭാഗത്തിലെ മാല ജാതിയാണെന്നും റിപ്പോർട്ട് വന്നിരുന്നു.രോഹിത്തിന്‍റെ ആത്മഹത്യയിൽ എസ് സി, എസ് ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിസി അപ്പാറാവുവിനും,കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ദളിതല്ലെന്ന റിപ്പോർട്ട് പുറത്ത് വന്നാൽ ഈ വകുപ്പ് ഇല്ലാതാകും.