ജയ്പുര്‍: രാജസ്ഥാനിലെ ശ്രീഗംഗ നഗറില്‍ അഴുക്കുചാലുകള്‍ കഴിഞ്ഞ ദിവസം പെട്ടന്ന് അടഞ്ഞു. മലിന ജലം ഓവ് ചാലിന് പുറത്തേക്ക് വരുന്നത് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കാരണം കണ്ട് അമ്പരന്നു. അഴുക്ക് ചാലില്‍ നിറയെ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകളായിരുന്നു.

ഗുര്‍മീതിന്റെ ഭക്തര്‍ തങ്ങളുടെ പൂജാമുറിയില്‍ പൂജിച്ചിരുന്ന നൂറ് കണക്കിന് ചിത്രങ്ങള്‍ അഴുക്ക് ചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭക്തരുടെ മനസ്സിലെ ഗുര്‍മീത് എന്ന വിഗ്രഹം ഉടഞ്ഞതോടെ വീടുകളില്‍ പൂജിച്ചിരുന്ന ആള്‍ദൈവത്തിന്റെ ഫോട്ടോകള്‍ അഴുക്കു ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു. നൂറ് കണക്കിന് പോസ്റ്ററുകളും ചില്ലിട്ട ചിത്രങ്ങളുമാണ് അഴുക്കുചാലുകളില്‍ വെള്ളത്തിന്റെ ഗതി തടസ്സപ്പെടുത്തി കിടക്കുന്നത്. ഭക്തരില്‍ കോടതി വിധിയെ രഹസ്യമായി പിന്തുണക്കുന്നവര് ഏറെയുണ്ടെന്നാണ് ഈ സംഭവം വെളിവാക്കുന്നത്.