ദില്ലി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ഇന്ത്യയില്‍ വെള്ളിയാഴ്ച രാവിലെ മുതലാണ് അക്കൗണ്ട് കാണാതായത്. ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.
അക്കൗണ്ട് മരവിപ്പിച്ചതോടെ ഇന്ത്യയില്‍ ആര്‍ക്കും ഗുര്‍മീതിന്റെ അക്കൗണ്ട് കാണാനോ ട്വീറ്റുകള്‍ വായിക്കാനോ കഴിയില്ല. എന്നാല്‍ വിദേശത്ത് ഗുര്‍മീതിന്റെ അനുയായികള്‍ക്ക് ഗുര്‍മീതിന്റെ അക്കൗണ്ടിലേക്കു പ്രവേശനം സാധ്യമാണ്. 36 ലക്ഷം ഫോളോവേഴ്‌സാണു ഗുര്‍മീതിനു ട്വിറ്ററിലുള്ളത്. അതേസമയം, ഗുര്‍മീതിന്റെ ഫേസ്ബുക്ക് പേജ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. 7.5 ലക്ഷം ആളുകളാണ് ഗുര്‍മീതിന്റെ പേജ് ലൈക്ക് ചെയ്തിരിക്കുന്നത്.
തങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണ് ട്വിറ്റര്‍ ഗുര്‍മീതിന്റെ അക്കൗണ്ട് മരവിപ്പിച്ചതെന്നു ഹരിയാന പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ദേരയുമായി ബന്ധമുള്ള മറ്റ് അക്കൗണ്ടുകള്‍ തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
