കടുത്ത പരിശോധന നടത്തി പരമാവധി അപേക്ഷകള്‍ തള്ളാനാണ് തീരുമാനമെന്നാണ് സൂചന.

വാഷിങ്ടന്‍: അമേരിക്കയില്‍ വിദഗ്ദ ജോലികള്‍ ചെയ്യാനായി അനുവദിക്കുന്ന എച്ച് വണ്‍ ബി വിസകള്‍ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. വര്‍ഷം 65,000 വിസകള്‍ മാത്രമേ അനുവദിക്കുയുള്ളൂ എന്നാണ് തീരുമാനം. ഒരാള്‍ ഒന്നിലധികം അപേക്ഷ നല്‍കാന്‍ പാടില്ലതെന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളും ഇത്തവണ നല്‍കിയിട്ടുണ്ട്. കടുത്ത പരിശോധന നടത്തി പരമാവധി അപേക്ഷകള്‍ തള്ളാനാണ് തീരുമാനമെന്നാണ് സൂചന.

ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ജീവനക്കാര്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം പോലും പ്രതികൂല നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് കാരണം ഇവര്‍ക്കെതിരായ ജനവികാരവും വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇന്നു മുതല്‍ അപേക്ഷ സ്വീകരിക്കുമെങ്കിലും നിസ്സാര തെറ്റുകണ്ടാല്‍ പോലും അപേക്ഷകള്‍ നിരസിക്കും. വിസ ഇന്റര്‍വ്യൂവിന് എത്തുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. 6000 ഡോളര്‍ വീതമാണ് അപേക്ഷാഫീസ് ഇത്തവണ ഈടാക്കുന്നത്. ഇതും മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. മുന്‍പ് ഒന്നിലേറെ ജോലികള്‍ക്കായി വേറെ വേറെ അപേക്ഷകള്‍ നല്‍കാന്‍ അനുവാദമുണ്ടായിരുന്നു. ഇത്തവണ അതും വിലക്കിയിട്ടുണ്ട്. അതുകൊണ്ട് ഒന്നിലധികം അപേക്ഷ നല്‍കുന്നവര്‍ക്ക് നറുക്കെടുപ്പില്‍ കിട്ടിയിരുന്ന മുന്‍തൂക്കം ഇല്ലാതാകും. ജോലിയില്‍ പ്രവേശിക്കാനുള്ള കൃത്യ തീയ്യതിയും അപേക്ഷയില്‍ കാണിച്ചിരിക്കണമെന്ന് നിബന്ധനയുണ്ട്.