ദില്ലി: ഹാദിയ കേസിലെ എന്‍.ഐ.എ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ പിന്‍മാറി. കോടതിയുടെ അഭ്യര്‍ത്ഥനയോടെ വിസമ്മതം അറിയിച്ച് ജസ്റ്റിസ് രവീന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്തുനല്‍കി. മേല്‍നോട്ടത്തിന് പുതിയ റിട്ട. ജസ്റ്റിസിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ വീണ്ടും കോടതിയെ സമീപിക്കും.

ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹ കേസില്‍ നേരത്തെ സുപ്രീംകോടതി എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ തീവ്രവാദ ഇടപെടലുകളുണ്ടെന്നും ഷെഫിന്‍ ജഹാന് ഐ.എസ്.ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ അശോകന്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലായിരുന്നു ഇത്. എന്‍.ഐ.എ അന്വേഷണത്തിന് സ്വതന്ത്രസ്വഭാവം ഉണ്ടാക്കാനാണ് മേല്‍നോട്ടത്തിനായി റിട്ട. സുപ്രീംകോടതിയെ ജഡ്ജിയെ നിയമിക്കാന്‍ കോടതി തീരുമാനിച്ചത്. 

ഇതനുസരിച്ച് സുപ്രീംകോടതി തന്നെ ജസ്റ്റിസ് ആര്‍.വി.രവീന്ദ്രനെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ എന്‍.ഐ.എ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനാകില്ലെന്നാണ് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ ചീഫ് ജസ്റ്റിസനെ അറിയിച്ചു. ഇതോടെ അന്വേഷണം തല്‍ക്കാലത്തേക്ക് പ്രതിസന്ധിയിലാണ്. മേല്‍നോട്ടത്തിനായി പുതിയ റിട്ട. ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. മേല്‍നോട്ടത്തിനായി ആദ്യം ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്റെ പേരാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. 

എന്നാല്‍ കേരളത്തിന് പുറത്തുനിന്നുള്ള റിട്ട. ജഡ്ജിവേണമെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ ആവശ്യം അംഗീകരിച്ചാണ് ആര്‍.വി.രവീന്ദ്രനെ തീരുമാനിച്ചത്. അദ്ദേഹം പിന്‍മാറിയ സാഹചര്യത്തില്‍ കപില്‍ സിബല്‍ മുന്നോട്ടുവെച്ച ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ ഉള്‍പ്പടെയുള്ള പേരുകള്‍ ഒരുപക്ഷെ കോടതി പരിഗണിച്ചേക്കും.