കൊച്ചി: ഹാദിയയുടെ മതം മാറ്റ വിവാഹവുമായി ബന്ധപ്പെട്ട് എന്‍ഐഎ കേസെടുത്തു. കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ഹാദിയയുടെ സുഹൃത്ത് ജസ്നയുടെ പിതാവ് അബൂബക്കറെ പ്രതിചേര്‍ത്താണ് കേസ്. മത സൗഹാര്‍ദ്ദം തകര്‍ക്കല്‍, ഇതര മതങ്ങളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഹാദിയ എന്ന അഖിലയുടെ വിവാഹവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചിരുന്നു. കേസെടുത്ത കൊച്ചി യൂനിറ്റ് എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ഹാദിയയുടെ സുഹൃത്തായ ജസീനയുടെ പിതാവ് പെരുന്തല്‍മണ്ണ സ്വദേശി അബൂബക്കറെ പ്രതിചേര്‍ത്താണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

മത സൗഹാര്‍ദ്ദം തകര്‍ക്കല്‍, ഇതര മതങ്ങളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വൈക്കം സ്വദേശിയായ അശോകന്‍റെ മകള്‍ അഖില സേലത്ത് ബിഎച്ച്എംഎസ് പഠിക്കുന്നതിനിടെയാണ് മതം മാറുന്നത്. പെരുന്തല്‍മണ്ണ സ്വദേശിയായ അബൂബക്കറിന്‍റെ മക്കളായിരുന്നു അഖിലയുടെ സുഹൃത്തുക്കള്‍. മതം മാറിയ അഖില ഹാദിയ എന്ന പേര് സ്വീകരിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അഛന്‍ അശോകന്‍ നല്‍കിയ പരാതിയില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതപരിവര്‍ത്തനം നടത്തിയതെന്ന് ഹാദിയ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസ് നടക്കുന്നതിനിടെ ഷെഫീന്‍ ജഹാന്‍ എന്നയാളെ വിവാഹം കഴിച്ചതായി ഹാദിയ കോടതിയെ അറിയിച്ചു. കോടതി വിവാഹം റദ്ദു ചെയ്യുകയും മാതാപിതാക്കള്‍ക്കൊപ്പം ഹാദിയയെ അയക്കുകയും ചെയ്തു. 

ഇത് ചോദ്യം ചെയ്ത് ഷഫീന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്നാണ് ഹാദിയയുടെ വിവാഹം സംബന്ധിച്ച കേസ് അന്വേഷിക്കാന്‍ സുപ്രിം കോടതി എന്‍ഐഎ യോട് നിര്‍ദ്ദേശിച്ചത്. സുപ്രിം കോടതി മുന്‍ ജഡ്ജി ആര്‍.വി രവീന്ദ്രന്‍റെ മേന്‍നോട്ടത്തിലാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്. സുപ്രിംകോടതിയിലാണ് എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ട് നല്‍കേണ്ടത്.