ദില്ലി: ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ബഞ്ചാണ് പരിഗണിക്കുന്നത്. എൻഐഎയുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് അന്നേ ദിവസം കോടതിയിൽ സമർപ്പിക്കും. 

കഴിഞ്ഞ നവംബർ 27 ന് കേസ് പരിഗണിച്ച സുപ്രീംകോടതി ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല. ഭർത്താവിനും അച്ഛനും ഒപ്പം വിടാതെ പഠനം പൂർത്തിയാക്കാൻ ഹാദിയ യ്ക്ക് കോടതി അനുമതി നൽകിയിരുന്നു. 

ഹാദിയ കേസിന്‍റെ ഭാഗമായി ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണമാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. കനകമല കേസിലെ ഒന്നാം പ്രതി മന്‍സീദിന് ഷെഫിന്‍ ജഹാനെ പരിചയമുണ്ടായിരുന്നെന്നും ഇയാളുടെ വാട്സ്‍അപ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നുവെന്നുമാണ് എന്‍.ഐ.എ ആരോപിക്കുന്നത്. രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവര്‍ 2016 ഒക്ടോബറിലാണ് കനകമലയില്‍ യോഗം ചേര്‍ന്നത്.