കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിക്കാന്‍ മക്കയിലും മദീനയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  ജിദ്ദയിലേക്കാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഇന്ത്യയില്‍  നിന്നുള്ള അര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഇതിനകം സൗദിയിലെത്തി.

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന ഒരു ലക്ഷത്തോളം തീര്‍ഥാടകരില്‍ അമ്പത്തിയാറായിരത്തിലധികം പേര്‍ ഇതിനകം സൗദിയില്‍ എത്തി. മദീനയിലാണ് ആദ്യഘട്ടത്തില്‍ തീര്‍ഥാടകര്‍ എത്തിയിരുന്നതെങ്കില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ജിദ്ദയിലേക്കും ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ തുടങ്ങി. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ നാളെ മുതല്‍ ജിദ്ദയില്‍ എത്തും. 10,214 തീര്‍ഥാടകര്‍ ഇത്തവണ കേരളത്തില്‍ നിന്നു ഹജ്ജിനെത്തുന്നത്. മലയാളി തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്കയിലും ജിദ്ദയിലുമുള്ള മലയാളി സന്നദ്ധ സംഘടനകള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. മക്കയില്‍  ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ആദ്യ സംഘം എത്തിയത് മുതല്‍ സന്നദ്ധസേവകര്‍ സേവനം ആരംഭിച്ചു. ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച് തീര്‍ഥാടകര്‍ തിരിച്ചുപോകുന്നത് വരെ ഇത് തുടരും.
 
കെഎംസിസി, ഇന്ത്യ ഫ്രാറ്റെനിറ്റി ഫോറം, ആര്‍എസ്‍സി, മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം, വിക്കായ, തനിമ തുടങ്ങിയ മലയാളീ കൂട്ടായ്മകള്‍ക്കു കീഴില്‍ ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് സേവന നിരതരായി മക്കയില്‍ ഉള്ളത്. കഞ്ഞിയും മധുരവും മറ്റു സമ്മാനങ്ങളും നല്‍കിക്കൊണ്ടാണ് ഇവര്‍ മക്കയിലെതുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നത്.