കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ഇന്ന് അവസാനിക്കും. ഇന്ത്യയില്‍ നിന്നുള്ള അവസാന വിമാന സർവീസ് തിങ്കളാഴ്ചയാണ്. ഹജ്ജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും സൗദി ഭരണകൂടം പ്രത്യേക സമിതി രൂപീകരിച്ചു.

കൊച്ചിയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാന സര്‍വീസ് ഇന്ന് രാത്രി പതിനൊന്നേ മുക്കാലിന് ജിദ്ദയില്‍ എത്തും. ഓഗസ്റ്റ്‌ പതിമൂന്ന് മുതല്‍ ഇരുപത്തിയാറു വരെ സൗദി എയര്‍ലൈന്‍സ് മുപ്പത്തിയൊമ്പത് സര്‍വീസുകളാണ് കൊച്ചിയില്‍ നിന്ന് നടത്തിയത്. പുതിയ ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുല്‍ ആവസാന ഹജ്ജ് വിമാനം മറ്റന്നാള്‍ ജിദ്ദയില്‍ എത്തും. മുംബെയില്‍ നിന്നുള്ള നൂറ്റി ഇരുപത്തിയഞ്ച് തീര്‍ഥാടകരുമായി സൗദി എയര്‍ലൈന്‍സ് തിങ്കളാഴ്ച രാവിലെ6:20 ന് ജിദ്ദയില്‍ എത്തുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ വരവ് പൂര്‍ത്തിയാകും.

ഹജ്ജ് സൌഹൃദ സംഘാംഗമായ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറും തിങ്കളാഴ്ച സൗദിയില്‍ എത്തും. അതേസമയം ഹജ്ജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും പ്രത്യേക സമിതി രൂപീകരിച്ചതായി ഇസ്ലാമിക കാര്യ സഹ മന്ത്രി തൌഫീഖ് അല്‍ സുദൈരി അറിയിച്ചു. കര്‍മങ്ങളുമായി ബന്ധപ്പെട്ട് തീര്‍ഥാടകരെ ബോധവല്‍ക്കരിക്കുന്നതിനായി പന്ത്രണ്ട് ഭാഷകളില്‍ രണ്ടായിരത്തിലധികം ടി വി, റേഡിയോ എപ്പിസോഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

വിമാനങ്ങളിലും, കപ്പലുകളിലും ബസുകളിലും ഇവ പ്രദര്‍ശിപ്പിക്കും. ഓണ്‍ലൈന്‍ വഴിയും തീര്‍ഥാടകരെ ബോധവല്‍ക്കരിക്കുന്നുണ്ട്. വിവിധ ഭാഷകളിലുള്ള ലഘുലേഖകളും പുസ്തകങ്ങളും വിതരണം ചെയ്യുന്നുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി പ്രത്യേക ഹോട്ട്ലൈന്‍ നമ്പറുമുണ്ട്. ഇതിനായി 800 245 1000 എന്ന നമ്പരില്‍ തീര്‍ഥാടകര്‍ക്ക് വിളിക്കാം.