ജിദ്ദ: യാത്ര ചെയ്ത് ക്ഷീണിച്ചു മക്കയില്‍ എത്തുന്ന മലയാളികളായ ഹജ്ജ് തീര്‍ഥാടകര്‍ക്ക് കേരള ഭക്ഷണം നല്‍കി സ്വീകരിച്ച് സന്നദ്ധ സംഘടനകള്‍. മക്കയിലെ വനിതകള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ കഞ്ഞിയും അച്ചാറും വിളമ്പിയാണ് ഹാജിമാരെ വരവേല്‍ക്കുന്നത്. മണിക്കൂറുകള്‍ യാത്ര ചെയ്തു ക്ഷീണിച്ചവര്‍ക്ക് നല്ല നാടന്‍ കഞ്ഞിയും അച്ചാറും. അതും ഒരു വിദേശ രാജ്യത്ത്.

മലയാളികളെ സംബന്ധിച്ചിടത്തോളം ഇതിലപ്പുറം എന്തു വേണം. ഹജ്ജിനെത്തുന്ന മലയാളീ തീര്‍ഥാടകര്‍ക്കാണ് മക്കയില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ കഞ്ഞി വിതരണം ചെയ്യുന്നത്. അസീസിയയില്‍ താമസ സ്ഥലത്ത് എത്തിപ്പെടുന്ന ഹാജിമാരെ സംഘടനയുടെ വനിതാ വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരുത്തി കഞ്ഞി നല്‍കുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി മക്ക കെ.എം.സി.സി തീര്‍ഥാടകരെ കഞ്ഞി നല്‍കി വരവേല്‍ക്കുന്നു. ഈ തീര്‍ഥാടകര്‍ ഹജ്ജ് കഴിഞ്ഞു മദീനയിലേക്ക് പോകുമ്പോള്‍ പ്രാതല്‍ വിതരണം ചെയ്യും. ഉത്തരേന്ത്യന്‍ ഹാജിമാരെ പലപ്പോഴും റൊട്ടിയും കറിയും നല്‍കി കെ.എം.സി.സി സ്വീകരിക്കുന്നു. ഹജ്ജ് വേളയില്‍ മിനായിലും അറഫയിലും വിവിധ സംഘടനകളും വ്യക്തികളും കഞ്ഞി വിതരണം ചെയ്യാറുണ്ട്.