ജിദ്ദ: ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ ഇത്തവണത്തെ ഹജ്ജ് ഓപ്പറേഷന്‍ വിജയകരമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ മക്കയില്‍ പറഞ്ഞു. ഇന്ത്യക്കാര്‍ സുഗമമായി ഇതുവരെയുള്ള കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഇതുവരെയുള്ള കര്‍മങ്ങള്‍ സുഗമമായി നിര്‍വഹിച്ചതായി വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ചെയ്യുന്ന സൗദി ഭരണാധികാരികള്‍ക്കും സൗദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷനും അദ്ദേഹം നന്ദി പറഞ്ഞു. തീര്‍ഥാടകരുടെ എണ്ണം ഇത്തവണ കൂടിയത് കൊണ്ട് സ്വാഭാവികമായ ചില പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും ഹാജിമാര്‍ മൊത്തത്തില്‍ സേവനങ്ങളില്‍ തൃപ്തരാണെന്ന് മന്ത്രി മക്കയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും ഹജ്ജ് സൌഹൃദ സംഘത്തലവനായി എത്തിയതാണ് എം.ജെ.അക്ബര്‍. ബി.ജെ.പി വക്താവ് സയ്യിദ് സഫര്‍ ഇസ്ലാം ആണ് സംഘത്തിലെ മറ്റൊരു അംഗം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്കായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഒരുക്കിയ വിരുന്നില്‍ ഇരുവര്‍ക്കും പുറമെ ഇന്ത്യന്‍ അംബാസഡറും, കോണ്‍സുല്‍ ജനറലും സംബന്ധിച്ചു. മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍, സൗദി ഹജ്ജ് മന്ത്രി മുഹമ്മദ്‌ സാലിഹ് ബന്തന്‍ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. മിനായില്‍ ഇന്ത്യന്‍ ഹാജിമാരുടെ തമ്പുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി 1,24,940 തീര്‍ഥാടകരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 45,000 തീര്‍ഥാടകരും ഇത്തവണ ഹജ്ജ് നിര്‍വഹിച്ചതായാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ കണക്ക്. അറുപത്തിയഞ്ചു ഇന്ത്യക്കാര്‍ ഇതുവരെ സൗദിയില്‍ വെച്ചു മരണപ്പെട്ടു.