ജിദ്ദ: ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് ആരംഭിക്കും. തീര്‍ഥാടകര്‍ ഇന്ന് മുതല്‍ മിനായിലേക്ക് നീങ്ങി തുടങ്ങും. മക്കയും പരിസര പ്രദേശങ്ങളും തീര്‍ഥാടകലക്ഷങ്ങളെ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം മിനായില്‍ തമ്പടിക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. അഞ്ചു മുതല്‍ ആറു വരെ ദിവസം നീണ്ടു നില്‍ക്കുന്ന ഹജ്ജ് കര്‍മത്തിനായി ഇന്നലെ രാത്രിയോടെതന്നെ തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങി തുടങ്ങിയിരുന്നു.
മിനായിലേക്ക് പുറപ്പെടുന്നതിനു മുമ്പ് നിര്‍വഹിക്കുന്ന ഖുദൂമിന്റെ തവാഫ് നിര്‍വഹിക്കുന്ന തിരക്കിലായിരുന്നു പല തീര്‍ഥാടകരും ഇന്നലെ രാത്രി. അതുകൊണ്ട് തന്നെ മക്കയിലെ ഹറം പള്ളിയില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനുശേഷമാണ് രാത്രിയോടെ ഹജ്ജ് സര്‍വീസ് ഏജന്‍സി ഏര്‍പ്പെടുത്തിയ ബസുകളില്‍ മക്കയിലെ താമസ സ്ഥലത്ത് നിന്നും തീര്‍ഥാടകര്‍ മിനായിലേക്ക് പോയത്. ഇന്ന് രാവിലെ ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ മിനായിലെക്കുള്ള നീക്കം പൂര്‍ത്തിയാകും എന്നാണു പ്രതീക്ഷ.
ഇന്നലെ മക്കയിലെ താമസ സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ട ഹാജിമാര്‍ കര്‍മങ്ങള്‍ അവസാനിച്ച് തിങ്കളാഴ്ചയോടെ മാത്രമേ തിരിച്ചെത്തുകയുള്ളൂ. ഇന്നലെയും ഇന്നും മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ നാളെ മുസ്ദലിഫയിലായിരിക്കും കഴിയുക. തുടര്‍ന്ന് കര്‍മങ്ങള്‍ അവസാനിക്കുന്നത് വരെ വീണ്ടും മിനായില്‍ താമസിക്കും. മിന, അറഫ, മുസ്ദലിഫ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തീര്‍ഥാടകരെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ തമ്പുകളിലെ ശീതീകരണ സംവിധാനം നവീകരിച്ചിട്ടുണ്ട്.
