മക്ക: ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിനായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം വിപുലമായ പദ്ധതി തയ്യാറാക്കി. ഇതുപ്രകാരം ഒരു ലക്ഷത്തോളം പേര്‍ പുണ്യസ്ഥലങ്ങളില്‍ സേവനരംഗത്തുണ്ടാകും. പദ്ധതി അംഗീകാരത്തിനായി മക്കാ ഗവര്‍ണര്‍ക്ക്‌ സമര്‍പ്പിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് പദ്ധതി അംഗീകാരത്തിനായി മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് സമര്‍പ്പിച്ചു. 

പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് മികച്ച സേവനവും, സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന പദ്ധതിയാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറായിരിക്കുന്നത്. ഇതുപ്രകാരം തൊണ്ണൂറ്റി അയ്യായിരത്തോളം പേര്‍ സേവന രംഗത്തുണ്ടാകും. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ പതിനായിരം ജീവനക്കാരെ വിന്യസിക്കുന്ന പദ്ധതിയാണ് ഹറംകാര്യവിഭാഗം തയ്യാറാക്കിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ സാധിക്കും വിധം സുരക്ഷാ വിഭാഗവുമായി കൈകോര്‍ത്താണ് ഹറമുകളില്‍ പദ്ധതി നടപ്പിലാക്കുക. 

തീര്‍ഥാടകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പണ്ഡിതരുടെ സാന്നിധ്യവും, വിവിധ ഭാഷകളിലുള്ള ഖുറാന്‍ പ്രതികളും ലഘു പുസ്തകങ്ങളും ഉണ്ടാകും. പൊതുസ്ഥലങ്ങളിലെ ശുചിത്വം, ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം തുടങ്ങിയവ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തം മക്കാ നഗരസഭയുടെതാണ്. ഇതിനായി ഇരുപത്തി മുവ്വായിരം ജീവനക്കാരെ നിയോഗിക്കും. മെട്രോ സര്‍വീസില്‍ സേവനത്തിനായി ഒമ്പതിനായിരം സൈനികര്‍ ഉണ്ടാകും. 

ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പദ്ധതിപ്രകാരം മക്കയില്‍ നാലായിരം കിടക്കകള്‍ ഉള്ള ആശുപത്രികള്‍ സേവനത്തിനായി സജ്ജമാണ്. ഇതിനു പുറമേ 128 താല്‍ക്കാലിക ആരോഗ്യ കേന്ദ്രങ്ങളും മുപ്പത്തിയൊമ്പത് ഫീല്‍ഡ് മെഡിക്കല്‍ ടീമും, നൂറു ആംബുലന്‍സുകളുമുണ്ടാകും. സൗദി റെഡ്ക്രസന്‍റിന്‍റെ കീഴില്‍ വാഹന സൗകര്യങ്ങളോട് കൂടി 1,245 ആരോഗ്യ കേന്ദ്രങ്ങളും മൂന്നു എയര്‍ ആംബുലന്‍സുകളും പുണ്യസ്ഥലങ്ങളില്‍ ഉണ്ടാകും. 

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം പേര്‍ റെഡ് ക്രസന്‍റിന് കീഴില്‍ സേവനത്തിനുണ്ടാകും. നാഷണല്‍ വാട്ടര്‍ കമ്പനി 18,150 മില്ല്യന്‍ ക്യൂബിക് മീറ്റര്‍ വെള്ളം മക്കയില്‍ വിതരണം ചെയ്യും. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരുപത്തിയൊന്നു ശതമാനം കൂടുതലാണ്.