രാജ്യത്തിന്റെ അന്‍പത്തി ആറാം ദേശീയ ദിനം, ഇരുപത്തി ആറാം വിമോചന ദിനവും കൂടാതെ അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ ഭരണതലവനായി സ്ഥാനമേറ്റിട്ട് പതിനൊന്നു വര്‍ഷം പൂര്‍ത്തികരിച്ചതും, സംയുക്തമായിട്ടാണ് ആഘോഷിക്കുന്നത്. ഒരു മാസം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ മാസം 29-ന് അമീര്‍ ബയാന്‍ പാലസില്‍ പതാക ഉയര്‍ത്തിയായിരുന്നു തുടക്കം. ഇത് പതിനെട്ടാം വര്‍ഷമാണ് ഹലാ ഫെബ്രുവരിയെന്ന പേരില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ കലാ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നാലു മണിമുതല്‍ സാല്‍മിയ സാലിം അല്‍ മുബാറക് സ്ട്രീറ്റിലാണ് ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഉദ്ഘാടന കാര്‍ണിവല്‍ അരങ്ങേറിയത്. അഹമദി, കുവൈത്ത് സിറ്റി, കുവൈത്ത്-സൗദി അതിര്‍ത്തിയായ സാല്‍മി ഏരിയായിലുമായിരുന്ന പരമ്പരാഗത രീതിയില്‍ ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണര്‍വേകുന്ന നിരവധി പരിപാടികള്‍ ആഘോഷങ്ങളോടെ അനുബന്ധിച്ച് നടത്തും. കഴിഞ്ഞ ഒരു മാസത്തിന് ഇടയില്‍ വിവിധ തരത്തിലുള്ള മൂന്ന് ലക്ഷത്തിലധികം വിസിറ്റ് വിസകളാണ് അധികൃതര്‍ അനുവദിച്ചിരിക്കുന്നത്.