ബംഗലൂരു: കർണാടകത്തിൽ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡിപ്പിക്കുന്നുവെന്ന ആരോപിച്ച് സര്‍ക്കാർ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. മന്ത്രിയുടെ പേരിൽ പണമാവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥൻ നിരന്തരം ശല്യപ്പെടുത്തിയെന്നാണ് ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയുടെ പരാതി. കർണാടകത്തിലെ തുംക്കൂരിൽ സാമൂഹ്യ ക്ഷേമ വകുപ്പിൽ ജോലി ചെയ്യുന്ന സ്ത്രീയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
നിയമ മന്ത്രി ടി.ബി ജയചന്ദ്രയുടെ പേരില്‍ പണം ആവശ്യപ്പെട്ട് സാമൂഹ്യ ക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബ്രഹ്മണ്യ പതിവായി ശല്യപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ചാണ് സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചത്. മന്ത്രിക്ക് കൊടുക്കാന്‍ രണ്ടു ലക്ഷം രൂപ വേണമെന്നായിരുന്നു സുബ്രഹ്മണ്യ ആവശ്യപ്പെട്ടിരുന്നതെന്നും ഈ ഉദ്യോഗസ്ഥന്റെ ശല്യം സഹിക്കാതായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ജീവമനക്കാരി പറഞ്ഞു.
ആത്മഹത്യ ശ്രമം കണ്ടയുടൻ ഓഫീസിലുണ്ടായിരുന്ന മറ്റു ജീവനക്കാർ ഇവരെ ആശുപത്രിയിലെത്തിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്നും താൻ പണം ആവശ്യപ്പെട്ടില്ലെന്നും സുബ്രഹ്മണ്യ പ്രതികരിച്ചു. അതേസമയം, തന്റെ പേരില്‍ പണം ആവശ്യപ്പെട്ടയാളെ അറിയില്ലെന്നും ആരോപണം ശരിയാണെങ്കില്‍ സുബ്രഹ്മണ്യനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി ടി.ബി ജയചന്ദ്ര പറഞ്ഞു.
