ഹാരിസണ്‍ മലയാളം കേസിൽ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കാൻ സ്പെഷ്യൽ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി നിലപാട് സുപ്രീം കോടതി ശരിവച്ചു.
ദില്ലി: ഹാരിസണ്‍ മലയാളം കേസിൽ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കാൻ സ്പെഷ്യൽ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി നിലപാട് സുപ്രീം കോടതി ശരിവച്ചു.
ഹാരിസണ്‍ മലയാളത്തിന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വലിയ വിമര്‍ശനത്തോടെയാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കേരള ഹൈക്കോടതി റദ്ദാക്കിയത്. ഭൂമിയേറ്റെടുക്കാനായി ഭൂപരിഷ്കരണ നിയമപ്രകാരം സ്പെഷ്യൽ ഓഫീസര്‍ നിരത്തിയ കാരണങ്ങൾ കേരള ഹൈക്കോടതി വിശദമായി പരിശോധിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദിച്ചു. എന്നാൽ കേസിന്‍റെ വിശദാംശങ്ങളിലേക്ക് പോലും പോകാതെ സുപ്രീംകോടതിയും സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളി.
ഭൂപരിഷ്കരണ നിയമത്തിലെ 20-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കാൻ സ്പെഷ്യൽ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു. ശരിവെച്ചു. ഹാരിസണ്‍ മലയാളത്തിന്‍റെ കൈവശമുള്ള ഭൂമിയും, കമ്പനി വിറ്റ ഭൂമിയും ഏറ്റെടുക്കാൻ സെപ്ഷ്യൽ ഓഫീസറായിരുന്ന രാജമാണിക്യമാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയത്. സ്പെഷ്യൽ ഓഫീസറല്ല, സിവിൽ കോടതികളാണ് ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കേണ്ടതെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.
അത് സുപ്രീംകോടതി ശരിവെച്ച സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ് സര്‍ക്കാരിന് മുന്നിലുള്ളത്. പാട്ടകാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിക്കാൻ സിവിൽ കോടതിയെ സമീപിക്കണമെങ്കിൽ ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നിശ്ചിത ശതമാനം രൂപ കോടതിയിൽ കെട്ടിവെക്കേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ അത് സര്‍ക്കാരിന് പ്രതിസന്ധിയാകും. ഹാരിസണ്‍ കേസിലെ സുപ്രീംകോടതി തീരുമാനം നെല്ലിയാമ്പതി ഉൾപ്പടെയുള്ള മറ്റ് കേസുകളെയും സ്വാധീനിക്കാം.
