കോഴിക്കോട്: ഹര്‍ത്താലിന് കടകള്‍ തുറക്കണമെന്ന് ആഹ്വാനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസിറുദ്ദീന്‍ സ്വന്തം കട തന്നെ അടച്ചിട്ടു. അധ്യക്ഷന്റെ ആഹ്വാനം മറ്റ് വ്യാപാരികളും തള്ളി.
16ാം തിയ്യതി നടക്കുന്ന യുഡിഎഫ് ഹര്‍ത്താലിന് മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്, ഹര്‍ത്താലിനെതിരെ നഗരത്തില്‍ സ്ഥിരം പ്രകടനം നടത്തുന്ന സംഘടനയുടെ പ്രസിഡന്റ് പോലും സ്വന്തം കട തുറന്നില്ല. അധ്യക്ഷന്റെ ആഹ്വാനം പ്രവര്‍ത്തകരും അപ്പാടെ തള്ളി. സമരക്കാരെക്കാള്‍ കൂടുതല്‍ പൊലീസ് ഉണ്ടായിട്ടും നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്ന് പ്രവര്‍ത്തിച്ചില്ല.
ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് കട തുറക്കാതിരുന്ന നേതാവിന് പിന്തുണയുമായി കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പോസ്റ്ററും പതിച്ചു.
