കലാപത്തിന്റെ പശ്ചാത്തലത്തിന്‍റെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവയ്‌ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജാട്ട് പ്രക്ഷോഭം നേരിടുന്നതിലും ഖട്ടാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. ഹരിയാനയിലെ അക്രമത്തെ പ്രധാനമന്ത്രി അപലപിച്ചപ്പോള്‍ ഗുര്‍മീതിനെ ന്യായീകരിച്ച് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് രംഗത്തെത്തി.

കോടതിവിധിക്ക് പിന്നാലെ വലിയ അക്രമം ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമായിട്ടും അത് നേരിടുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്രമം തടയാനാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കട്ടാര്‍ രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ടികള്‍ ശക്തമാക്കുകയാണ്. ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെതിനോട് ഖട്ടാര്‍ സര്‍ക്കാറിനുള്ള മൃദുസമീനമാണ് ഇത്രയും വലിയ കലാപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന വിമര്‍ശനവും ശക്തമാകുന്നു. ഇപ്പോഴത്തെ അക്രമം തടയുന്നതില്‍ മാത്രമല്ല, ജാട്ട് പ്രക്ഷോഭത്തിലും ഇതേ പരാജയം ഖട്ടാര്‍ നേരിട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഹരിയാനയിലെ മാറ്റം പുതിയ സാഹചര്യത്തില്‍ ബി.ജെ.പിയിലും ചര്‍ച്ചയായേക്കും. ഇതിനിടെ ഗുര്‍മീതിനെ ന്യായീകരിച്ച് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് രംഗത്തെത്തി.

ഹരിയാനയിലെയും ചണ്ഡിഗഡിലെയും അക്രമങ്ങളെ പ്രധാനമന്ത്രി അപലപിച്ചു. സംഭവം ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്രമം നിയന്ത്രിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിനോടും ആഭ്യന്തര മന്ത്രിയോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അടിയന്തിര യോഗം വിളിച്ചു. ഗുര്‍മീതിന് ശിക്ഷവിധിക്കുന്ന തിങ്കളാഴ്ച കൂടുതല്‍ സൈന്യത്തെ ഹരിയാനയിലും ചണ്ഡിലും വിന്യസിക്കും.