ചണ്ഡീഗര്‍: പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ അദ്ധ്യാപകനെ വിദ്യാര്‍ത്ഥി കുത്തി പരിക്കേല്‍പ്പിച്ചു. ഹരിയാനയിലെ ജഹ്ജറിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. കണക്കില്‍ മാര്‍ക്ക് കുറഞ്ഞതിന് അദ്ധ്യാപകന്‍ രവീന്ദ്രര്‍ കുട്ടിയെ വഴക്ക് പറയുകയും പാരന്‍റസ് മീറ്റിങ്ങില്‍ കുട്ടിയുടെ മാര്‍ക്ക് മാതാപിതാക്കളെ അറിയിക്കും എന്നും പറഞ്ഞിരുന്നു. ഇതില്‍ അസ്വസ്ഥനായ കുട്ടി സ്കൂളില്‍ വച്ച് തന്നെ അദ്ധ്യാപകനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഒക്ടോബര്‍ 12 ന് ക്ലാസ് മുറിയില്‍ വച്ചാണ് അദ്ധ്യാപകനെ കുട്ടി ആക്രമിച്ചത്.
ക്ലാസ് റൂമില്‍ പരീക്ഷ പേപ്പര്‍ നോക്കി കൊണ്ടിരുന്ന രവീന്ദ്രറിനെ കുട്ടി നിരവധി തവണ കുത്തുകയായിരുന്നു. മറ്റ് അദ്ധ്യാപകര്‍ ചേര്‍ന്ന് ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രവീന്ദ്രറിന്‍റെ ആരോഗ്യ നില മോശമായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുട്ടി അദ്ധ്യാപകനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ക്ലാസ് റൂമില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയല്‍ നിന്ന് ലഭ്യമായിട്ടുണ്ട്. അദ്ധ്യാപകനെ ആക്രമിച്ചതിന് കുട്ടിയെയും ഇതിന് സഹായിച്ച സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
