മസ്കറ്റ്: ഒമാനിലെ നിയമസംവിധാനത്തില്‍ വിശ്വാസമുണ്ടെന്ന് മരിച്ച ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സണ്‍.കൊലപാതകികളെ കണ്ടെത്തുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ലിന്‍സണ്‍ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിക്കു റോബര്‍ട്ടിന്റെ മരണത്തില്‍ അന്വേഷണം തുടരുകയാണ്.

2016 ഏപ്രില്‍ 20 ആയിരുന്നു ചിക്കൂ റോബര്‍ട്ട് സലാലയില്‍ കൊല്ലപെട്ടത്. അന്നുമുതല്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന ലിന്‍സണ്‍, മോചിതനായി ഇപ്പോള്‍ മസ്കറ്റില്‍ ബന്ധുക്കളോടൊപ്പം ആണുള്ളത്. പാസ്‌പോര്‍ട്ട് ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ ആയതു കാരണം നാട്ടിലേക്കുള്ള ലിന്‍സന്റെ യാത്ര എപ്പോള്‍ എന്നതില്‍ കൃത്യതയില്ല. എന്നാലും,ഒമാന്റെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടന്നു ലിന്‍സണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

റോയല്‍ ഒമാന്‍ പോലീസിന്റെ ഭാഗത്തു നിന്നും വളരെ സുതാര്യവും, മാന്യവുമായ സമീപനത്തെ ലിന്‍സണ്‍ വളരെ നന്ദിപൂര്‍വമാണ് ഓര്‍മ്മിക്കുന്നത്. ഇനിയും എത്രയും പെട്ടന്ന് ചിക്കുവിന്റെ നാട്ടിലുള്ള കല്ലറ സന്ദര്‍ശിക്കണമെന്നാണ് ലിന്‍സന്റെ ആഗ്രഹം. ഭാര്യയുടെ ഘാതകനെ പോലീസ് പിടികൂടുമെന്നു തന്നെയാണ് ലിന്‍സന്റെ പ്രതീക്ഷ.