പശ്ചിമേഷ്യയില്‍ നടന്ന ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസായി പരിഗണിച്ചാണ് ഇന്ത്യക്കാരുള്‍പ്പെട്ട ഹവാല പണമിടപാട് സംഘത്തിനു തടവും നാടുകടത്തലും ശിക്ഷ വിധിച്ചു കൊണ്ട് റിയാദിലെ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
36 ബില്ല്യന്‍ റിയാലിന്‍റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 33 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇവർക്ക് ആറു മാസം മുതല്‍ 15 വര്‍ഷം വരെയാണ് തടവ് വിധിച്ചിട്ടുള്ളത്. ഇവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. സംഘത്തില്‍ പെട്ട മറ്റുള്ളവർ സ്വദേശികളാണ്.
സ്വദേശികൾക്കു ശിക്ഷ കഴിഞ്ഞാലും രാജ്യത്തിന് പുറത്തുപോകുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹവാല ഇടപാടിനു പദ്ദതി തയ്യാറാക്കിയ വ്യക്തിയും ഒത്താശ ചെയ്തവരുമല്ലാം ശിക്ഷിക്കപെട്ടവരില്‍ ഉള്‍പ്പെടും. ഒരു ബാങ്കില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്വദേശികളാണ് പണം വെളുപ്പിക്കുന്നതിനു ഒത്താശ ചെയ്തു കൊടുത്തിരുന്നത്.
അതേസമയം വ്യക്തമായ തെളിവില്ലാത്തതിനാല്‍ പിടിക്കപ്പെട്ട രണ്ട് ഈജിപ്തുകാരെയും ഒരു സുദാനിയേയും കോടതി വെറുതെ വിട്ടു. ഹവാല പണമിടപാടുമായി ബന്ധപ്പെട്ടു മലയാളികളുള്‍പ്പെട്ട സംഘത്തെ കഴിഞ്ഞ ദിവസം ജിദ്ദയിലും പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെയുള്ള അന്വേഷണവും നടന്നു വരുകയാണ്.
