കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി ബി ഐക്ക് വിടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ചാണ് സ്റ്റേ ചെയ്തത്. സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്യാശേരി എം എല്‍ എ ടി.വി രാജേഷ് എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌തത്. അന്വേഷണ നടപടികള്‍ നിര്‍ത്തി വയ്ക്കാനും സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ പി ജയരാജനെതിരെയും ടി വി രാജേഷിനെതിരെയും നിസാര കുറ്റങ്ങളാണ് ചുമത്തിയിരുന്നു. ഇതിനെതിരെ ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സി ബി ഐയ്‌ക്കു വിട്ടത്. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്, സി പി ഐ എം നേതൃത്വത്തിന് വലിയ ആശ്വാസമായിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസ് സി പി ഐ എമ്മിന് ഉയര്‍ത്തിയ തലവേദന ചെറുതായിരുന്നില്ല.