കൊച്ചി: എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പോലീസ് അസ്ഥാനത്ത് സുപ്രധാന പദവിയില്‍ എന്തിന് നിയമിച്ചെന്ന് ഹൈക്കോടതി.പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചതിന് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. തച്ചങ്കരിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

സത്യവാങ്മൂലം നല്‍കാന്‍ നിലവിലെ ഡിജിപി ടി പി സെന്‍കുമാര്‍ പുറത്തുപോകാന്‍ കാത്തിരിക്കുകയാണോ എന്നു ചോദിച്ച കോടതി അതിനായി ഈ മാസം 31വരെ കാത്തിരിക്കുകയാണോ എന്നും ചോദിച്ചു. സർക്കാരിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ചായിരിക്കും ചീഫ് സെക്രട്ടറി പ്രവർത്തിക്കുന്നത്, എന്നാൽ പൊലീസ് അങ്ങനെയാകരുത്തന്നും ഹൈക്കോടതി പറഞ്ഞു. തച്ചങ്കരിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം വൈകുന്നതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് തിരികെയെത്തിയ ടി.പി. സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്റെ ചുമതലയുള്ള എഡിജിപിയായി ടോമിന്‍ ജെ. തച്ചങ്കരിയെ നിയമിച്ചതെന്ന് ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

സുപ്രീംകോടതി ഉത്തരവു പ്രകാരം സെന്‍കുമാര്‍ വീണ്ടും ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് തച്ചങ്കരിയെ നിയമിച്ചതടക്കം പോലീസ് സേനയില്‍ സര്‍ക്കാര്‍ നടത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്ത് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഈ പരാമര്‍ശം.