തോമസ് ചാണ്ടി ഉൾപെട്ട വിജിലൻസ് കേസിൽ ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിൾ ബെഞ്ചിന്റെ രൂക്ഷ വിമർശനം
കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടി ഉൾപ്പെട്ട വിജിലൻസ് കേസ് ഇന്നത്തെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിലം നികത്തിയതുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഉൾപ്പെട്ട വാട്ടർ വേൾഡ് കമ്പനി നൽകിയ ഹർജിയാണ് ജസ്റ്റീസ് സുധീന്ദ്രകുമാറിന്‍റെ ബെഞ്ച് ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. ഇക്കാര്യം കോട്ടയം വിജിലൻസ് കോടതിയിലെ പരാതിക്കാരനായ സുഭാഷ് തന്നെ സിംഗിൾ ബെഞ്ചിന്‍റെ ശ്രദ്ധയിൽപ്പെടുത്തി.
ഇത്തരം വീഴ്ചകൾ ഒരുതരത്തിലും പൊറുക്കാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജി നിർബന്ധമായും പരിഗണിക്കുമെന്നും അറിയിച്ചു. രജിസ്ട്രാറോടും അഡീഷണൽ രജിസ്ട്രാറോടും ഉച്ചയ്ക്ക് 1.30ന് ചേംബറിൽ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മലബാർ സിമന്‍റ്സ് അഴിമതിക്കേസിലെ രേഖകൾ ഹൈക്കോടതിയിൽ നിന്ന് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതും ജസ്റ്റീസ് സുധീന്ദ്രകുമാറായിരുന്നു.
