തിരുവനന്തപുരം : മരുന്ന് കരിമ്പട്ടികയില്‍പെടുത്തിയ വിവരം അറിഞ്ഞിട്ടും അതേ കമ്പനിക്ക് തന്നെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വീണ്ടും ഓര്‍ഡര്‍ നല്‍കിയതിന് തെളിവുകള്‍. മെയ് മാസത്തില്‍ ഒഡീഷ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ മരുന്നിനായി ഓഗസ്റ്റ് മാസത്തില്‍ വീണ്ടും കേരളം ഓര്‍ഡര്‍ നല്‍കിയതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മാര്‍ച്ചിലാണ് ഓര്‍ഡര്‍ നല്‍കിയതെന്നായിരുന്നു മെഡിക്കല്‍ കോര്‍പറേഷന്‍റെ വിശദീകരണം.
ഗുണനിലവാരമില്ലാത്തതിനെത്തുടര്‍ന്ന് ഒഡീഷ മെഡിക്കല്‍ കോര്‍പറേഷൻ കരിമ്പട്ടികയില്‍പെടുത്തിയ മരുന്ന് കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഇപ്പോഴും രോഗികള്‍ക്ക് നല്‍കുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയോട് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരുടെ പ്രതികരണം ഓര്‍ഡര്‍ നല്‍കിയ കാലയളവില്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നായിരുന്നു.
ഒഡീഷ മെഡിക്കല്‍ കോര്‍പറേഷൻ കരിമ്പട്ടികയില്‍പെടുത്തുന്നതിനും മുമ്പ് മാര്‍ച്ച് മാസത്തിലാണ് കേരളം മരുന്ന് വാങ്ങിയതെന്നാണ് വാദമാണ് ഇവരുന്നയിക്കുന്നത്. എന്നാല്‍ പുറത്ത് വന്ന രേഖകള്‍ ഈ വാദം പൊളിക്കുന്നതാണ്. മെയ് മാസത്തിലായിരുന്നു ഒഡീഷ സര്‍ക്കാരിന്‍റെ നടപടി. എന്നാല്‍ അതിനുശേഷവും ഈവര്‍ഷം ഓഗസ്റ്റില്‍ റിംഗര്‍ ലാക്ടേറ്റ് ഇന്‍ജക്ഷന്‍ നല്‍കാനുള്ള ഓര്‍ഡര്‍ ഹസീബ് ഫാര്‍മസ്യൂട്ടിക്കല്‍സിന് നല്‍കിയതായാണ് രേഖകള്‍ കാണിക്കുന്നത്.
49ലക്ഷം രൂപയിലധികം നല്‍കി 3ലക്ഷത്തിലധികം എണ്ണം മരുന്നാണ് വാങ്ങിയത്. ഏതെങ്കിലും ഒരു സംസ്ഥാനം കരിമ്പട്ടികയില്‍പെടുത്തിയാല്‍ ആ മരുന്നുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് സംസ്ഥാന മെഡിക്കല്‍ കോര്‍പറേഷന്‍ ഇത്തരമൊരു ഗുരുതര വീഴ്ച വരുത്തിയത്.
