തിരുവനന്തപുരം: റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ രക്തം സ്വീകരിച്ചതിലൂടെ ഒന്‍പതു വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ചെന്ന പരാതിയില്‍ ശാസ്‌ത്രീയ തെളിവുകള്‍ കിട്ടിയാലേ ആശുപത്രിക്കെതിരെ നടപടിയെടുക്കൂവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി . സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് ആശുപത്രിയില്‍ പരിശോധന നടത്തി. ഇതിനിടെ രക്തം കൊടുക്കുന്നതിന് മുമ്പുള്ള പരിശോധയില്‍ കുട്ടിക്ക് എച്ച്.ഐ.വി ബാധ കണ്ടെത്താനായില്ലെന്ന് ആര്‍.സി.സി വിശദീകരണക്കുറിപ്പില്‍ സമ്മതിച്ചു

ഒന്‍പതു വയസുകാരിക്ക് ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി ബാധിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതലാണ് കുട്ടി രക്താര്‍ബുദത്തിന് ആര്‍.സി.സിയില്‍ ചികിത്സ തേടിയത്. ആ സമയത്ത് രക്തം പരിശോധിച്ചപ്പോള്‍ എച്ച്.ഐ.വി ബാധ കണ്ടെത്താനായില്ലെന്ന് ആശുപത്രി സമ്മതിക്കുന്നു. കീമോ തെറാപ്പി തുടങ്ങിയതോടെ 49 യൂണിറ്റ് രക്തം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 25ന് വീണ്ടും രക്തപരിശോധന നടത്തിയപ്പോഴാണ് എച്ച്.ഐ.വി ബാധ കണ്ടെത്തിയത്. അതേസമയം നിര്‍ദിഷ്‌ട മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍.സി.സിയിലെ രക്തബാങ്കില്‍ നിന്ന് നല്‍കിയ രക്തത്തില്‍ നിന്നാണ് രോഗബാധയെന്ന് മാതാപിതാക്കളുടെ പരാതി വിശദീകരണക്കുറിപ്പില്‍ ആര്‍.സി.സി തള്ളുന്നു. എന്നാല്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുയാണ് കുട്ടിയുടെ മാതാപിതാക്കള്‍

വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു അതേ സമയം ശാസ്‌ത്രീയമായ തെളിവുകളും അന്വേഷണ റിപ്പോര്‍ട്ടുകളും കിട്ടിയാലേ നടപടിയുളളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. ചികിത്സയുടെയും രക്തദാനത്തിന്റെയും രേഖകളുടെ പകര്‍പ്പ് പൊലീസ് ആര്‍.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ആര്‍.സി.സി ആഭ്യന്തര അന്വേഷണവും തുടങ്ങി.