അബുദാബി: യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. അടുത്ത തിങ്കളാഴ്ച വരെ ഇടിയോടെ കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യുഎഇയില്‍ വരും ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാളെ രാവിലെ തുടങ്ങുന്ന മഴ തിങ്കളാഴ്ചവരെ തുടരും.
മഴയുടെ തോത് വ്യത്യസ്തമായിരിക്കുമെങ്കിലും വ്യാപകമായി മഴ ലഭിക്കുമെന്നും പലയിടങ്ങളിലും കനത്തമഴപെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരം. ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ശക്തമായ കാറ്റും മഴയും ദൂരകാഴ്ചകുറക്കാന്‍ ഇടയാക്കും അതുകൊണ്ട് തന്നെ വാഹനമോടിക്കുന്നവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാരാന്ത്യം ആയതിനാല്‍ തന്നെ ജനങ്ങള്‍ വരുന്ന രണ്ടു ദിവസങ്ങളില്‍ വാദികള്‍ക്കും അണക്കെട്ടുകള്‍ക്കും സമീപം പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്തി അനിഷ്ടസംഭവങ്ങളുണ്ടായാലും നേരിടുന്നതിനുള്ള മുവുവന്‍ സജ്ജീകരണങ്ങളും ഒരുക്കിയതായി പൊതുമരാമത്ത വകുപ്പ് അറിയിച്ചു. ഡെസേര്‍ട്ട് ഡ്രൈവിനായി മരുഭൂമിയിലേക്ക് യാത്രപോകുന്നവര്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
