കാലവര്‍ഷത്തെ ഓര്‍മ്മിപ്പിക്കും വിധം യു.എ.ഇയിലെ ഫുജൈറയില്‍ കനത്ത മഴ. നദ്ഹ വാദിയില്‍ ഒഴുക്കില്‍പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി. അടുത്തദിവസം വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജ്യം തണുപ്പിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി കനത്ത മഴയാണ് യു.എ.ഇയിലെ ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളില്‍ അനുഭവപ്പെടുന്നത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ തുടരുകയാണ്. മഴ ആസ്വദിക്കാന്‍ ഫുജൈറയിലെ നദ്ഹ വാദിയില്‍ കുളിക്കാനെത്തിയ മലയാളി വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി. റാസല്‍ഖൈമ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആല്‍ബര്‍ട്ടിനെയാണ് കാണാതായത്. എറണാകുളം പിറവം സ്വദേശിയാണ് പതിനെട്ടുകാരനായ ആല്‍ബര്‍ട്ട്. കൂടെയുണ്ടായിരുന്ന ഒന്‍പത് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു. മലനിരകളില്‍ നിന്ന് വെള്ളം കുത്തിയൊഴുകിയെത്തിയപ്പോള്‍ വാദിക്കരുകില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെ വാഹനത്തോടുകൂടി ഒഴുകിപോവുകയായിരുന്നു.
അബുദാബി പൊലീസ് ഹെലികോപ്റ്ററില്‍ നടത്തിയ തെരച്ചിലില്‍ വാഹനം കണ്ടെത്തിയെങ്കിലും വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല. പൊലീസിനൊപ്പം റാസല്‍ഖൈമയിലെയും ഫുജൈറയിലെയും മലയാളി സംഘടനാ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. വെള്ളകെട്ട് രൂപപെട്ടതിനാല്‍ റോഡ് ഗതാഗതവും തടസ്സപ്പെട്ടത് മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. അസ്ഥിരകാലാവസ്ഥ അടുത്ത ദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാദികളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
