തൊടുപുഴ: ഇടുക്കി ജില്ലയിലെ പലഭാഗത്തും മഴ ശക്തമായി. ഇന്നലെ മുതലാണ് ജില്ലയില്‍ മഴ വീണ്ടും ആരംഭിച്ചത്. മൂന്നാര്‍, അടിമാലി, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ചു മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ഇന്നു രാവിലെ വരെ ജില്ലയില്‍ ശരാശരി 50 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ മഴ പെയ്തത് ദേവികുളം താലൂക്കിലാണ് 84.4 മില്ലീമീറ്റര്‍. പല സ്ഥലത്തും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. പനംകുട്ടിക്കു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് കുറച്ചു സമയം ഗതാഗതം നിലച്ചു. മഴ തുടരുന്നതിനാല്‍ ജില്ലയിലെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.