സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ തുടർനടപടികളുമായി സിപിഎം. ആഭ്യന്തര സമിതി പരാതിക്കാരിയുടെ മൊഴിയെടുത്തു

പാലക്കാട്: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ തുടർനടപടികളുമായി പാർട്ടി. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) പരാതിയിൽ അന്വേഷണം നടത്തിവരികയാണ്. പരാതിക്കാരിയായ വനിതാ നേതാവിന്റെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സമിതി പൂർത്തിയാക്കി.

സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നിൽ യുവതി നൽകിയ പരാതിയാണെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നെങ്കിലും പാർട്ടിയോ ജില്ലാ നേതൃത്വമോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അഭിഭാഷക കൂടിയായ വനിതാ നേതാവാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയത്. പരാതിക്ക് ആധാരമായി ശക്തമായ ഡിജിറ്റൽ തെളിവുകളും യുവതി സമർപ്പിച്ചതായാണ് വിവരം.

അതേസമയം, പരാതിയുടെ വിശദാംശങ്ങൾ സിപിഎം നേതൃത്വം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. ഐസിസി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി സമർപ്പിക്കുന്ന റിപ്പോർട്ടും ശുപാർശകളും പരാതിയിൽ പാർട്ടിയുടെ തുടർനടപടികളിൽ നിർണായകമാകും. സമിതിയുടെ നിർദേശങ്ങൾ ശുപാർശ രൂപത്തിലായിരിക്കുമെന്നാണ് വിവരം.