കനത്തമഴയിൽ പന്പാ അച്ചൻകോവിൽ നദികൾ കര കവിഞ്ഞ് ഒഴുകുകയാണ്. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലാണ്. ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ടു.
പത്തനംതിട്ട: കനത്തമഴയിൽ പന്പാ അച്ചൻകോവിൽ നദികൾ കര കവിഞ്ഞ് ഒഴുകുകയാണ്. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലാണ്. ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് മൂഴിയാര്‍ കൊച്ചു പന്പ ആനത്തോട് അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടുതൽ ഉയര്‍ത്തി. അര്‍ധരാത്രിയോടെ പന്പ അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ന്നു. ഇരു കരകളും നിറഞ്ഞൊഴുകുകയാണ്, റാന്നി, അത്തിക്കയം ആറൻമുള വടശേരിക്കര കോഴഞ്ചേരി പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി.
ഉറങ്ങിക്കിടന്ന ഭൂരിഭാഗം പേരും വീട്ടിൽ വെള്ളം കയറുന്നത് അറിഞ്ഞിരുന്നില്ല. വാഹനങ്ങളിൽ വെള്ളം കയറിയതോടെ ഫയര്‍ ഫോഴ്സിനും എത്താനായില്ല. നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. സംസ്ഥാനപാതയടക്കം പ്രധാന റോഡുകളെല്ലാം വെള്ളത്തിലായതോടെ റാന്നി മേഖല ഒറ്റപ്പെട്ടു.
അരയാഞ്ഞലിമണ്ണിൽ പന്പാനദിക്ക് കുറുകെയുള്ള തൂക്കുപാലം ഒലിച്ചുപോയി. അരയാഞ്ഞലിമൺ ആദിവാസിമേഖല ഒറ്റപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് റാന്നി കാപിറ്റോൾ തീയറ്ററിൽ കുടുങ്ങിയ ജീവനക്കാരെ അഞ്ച് മണിക്കൂറിന് ശേഷമാണ് പുറത്തെത്തിച്ചത്.
ഇട്ടിയപ്പാറയിൽ വെള്ളം കയറിയ വീടിനുള്ളിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ചുഴുകുന്നിൽ ഗ്രേസി ആണ് മരിച്ചത്. ശബരിമല സന്നിധാനം പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. പന്പ ത്രിവേണി പൂർണമായും വെള്ളത്തിൽ മുങ്ങി. ഉൾക്കാടുകളിൽ ഉരുൾപൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പന്പയിലും അച്ചൻകോവിലിലും ഇനിയും ജലനിരപ്പുയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങൾ രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്.
