ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 9 പേരെ കാണാതായി.

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 9 പേരെ കാണാതായി. യമുനോത്രി ദേശീയപാതയ്ക്കടുത്ത് ഹോട്ടലിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. എൻഡിആർഎഫിന്റെയും എസ്ഡിആർഎപിന്റെയും നേതൃത്വത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

കനത്ത മഴയെ തുടർന്ന് ചാർ ധാം തീർത്ഥാടന യാത്ര താത്കാലികമായി നിർത്തിവെച്ചു. തീർത്ഥാടകരോട് ഹരിദ്വാർ, ഋഷികേഷ്, രുദ്ര പ്രയാഗ്, സോൻ പ്രയാഗ് എന്നിവിടങ്ങളിലെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശം നൽകി. ഹിമാചൽപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആി. 300 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തുണ്ടായതാണ് സർക്കാർ കണക്ക്.

മധ്യപ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലും ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. അടുത്ത ഏഴ് ദിവസം കൂടി ജമ്മു കശ്മീർ, മധ്യ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Asianet News Live | Malayalam News Live | Kerala News Live | Kerala Rain | Live Breaking news