ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. മണിക്കൂറുകള്‍ വരിനിന്നാണ് അയ്യപ്പന്മാര്‍ക്ക് സന്നിധാനത്ത് എത്തിയത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ക്യൂവില്‍ പലഭാഗത്തും വടം കെട്ടിയാണ് ഭക്തരെ നിയന്ത്രിക്കുന്നത്.
 
ശനിയാഴ്ച രാത്രി മുതല്‍ നിയന്ത്രണാതീതായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. രാത്രി പമ്പയില്‍ ഭക്തരെ നിയന്ത്രിക്കാന്‍ പൊലീസ് നടപടി തുടങ്ങി. മരക്കൂട്ടം മുതല്‍ സന്നിധാനം വടം കെട്ടി ഘട്ടം ഘട്ടമായാണ് ഭക്തരെ കടത്തിവിടുന്നത്. മണിക്കൂറുകളോളം വരിനിന്ന പലരും സന്നിധാനത്ത് നടപ്പന്തലിലെത്തിയപ്പോഴേക്കും തളര്‍ന്നിരുന്നു.

ഒരുമിനിറ്റില്‍ 90 പേരെയെങ്കിലും പതിനെട്ടാം പടി കയറ്റണമെന്നാണ് പൊലീസിന്റെ കണക്ക്. പക്ഷെ വരി നിന്ന് തളര്‍ന്നവര്‍ പടി കയറാനാകാതെ കുഴഞ്ഞതോടെ മിനിറ്റില്‍ 60 ഓളം പേര്‍ മാത്രമാണ് പതിനെട്ടാം പടി കയറുന്നത്. തിരക്ക് കൂടാന്‍ ഇതും കാരണമാണ്. ശനിയാഴ്ച മാത്രം 29000ത്തിലധികം പേര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ചുവെന്നാണ് കണക്ക്. ഭക്തര്‍ക്ക് പരമാവധി സൗകര്യം ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.