തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് വേണ്ടി സന്നിധാനത്തേക്കുള്ള ഭക്തരുടെ പ്രവേശനത്തിന് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്  ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടപ്പോള്‍ ആണ് ശക്തമായ തിക്കും തിരക്കും ഉണ്ടായത്. പരിക്കേറ്റവര്‍ അധികവും ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്. മാളികപ്പുറത്ത് തിരക്ക് നിയന്ത്രിക്കാനായി സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകര്‍ന്നു വീണതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തിരക്കില്‍ പെട്ട് ബാരിക്കേ‍ഡ് തകര്‍ന്നതോടെ തൊട്ട് പിന്നില്‍ നിന്നവര്‍ തെറിച്ചുവീണു. സംഭവത്തോടെ ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സന്നിധാനത്തും പമ്പയിലും കൂടുതല്‍ ഡോക്ടര്‍മാരെയും എത്തിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധനയായിരുന്നു ഇന്ന്. ഇതിനായി ആയിരകക്കിന് ഭക്തരെത്തിയതോടെയാണ് തിരക്ക്  വര്‍ദ്ധിച്ചത്. ദീപാരാധന കഴിഞ്ഞതിന് ശേഷമേ ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടൂ എന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. മണിക്കൂറുകളോളം ക്യൂ നിന്ന ഭക്തരെ ഒന്നിച്ച് കടത്തിവിട്ടതോടെ ശക്തമായ തിരക്ക് ഉണ്ടാവുകയായിരുന്നു. നാളെ മണ്ഡലപൂജ നടക്കാനിരിക്കെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് രാത്രി സന്നിധാനത്ത് ഉന്നതതല യോഗം ചേരും.