സംഘർഷം രൂക്ഷമായ മണിക്കൂറുകളിലും തീർത്ഥാടകർ സുഗമമായി ദർശനം നടത്തി. ഉച്ചവരെ അമ്പതിനായിരത്തിലധികം പേ‍രാണ് എത്തിയത്. 

പമ്പ: മനിതി സംഘത്തിന്റെ വരവോടെ ഏഴ് മണിക്കൂറോളം പമ്പ സംഘർഷഭരിതമായിരുന്നുവെങ്കിലും ശബരിമല സന്നിധാനം തീർത്തും ശാന്തമായിരുന്നു. സംഘർഷം രൂക്ഷമായ മണിക്കൂറുകളിലും തീർത്ഥാടകർ സുഗമമായി ദർശനം നടത്തി. ഉച്ചവരെ അമ്പതിനായിരത്തിലധികം പേ‍രാണ് എത്തിയത്. അതേസമയം പ്രതിഷേധക്കാരേയും ദർശനത്തിനെത്തുന്ന യുവതികളേയും ലക്ഷ്യമിട്ട് മരക്കൂട്ടം മുതൽ സന്നിധാനം വരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പുലർച്ചെ നട തുറന്നത് മുതൽ സന്നിധാനത്ത് തീർത്ഥാടകരുടെ വലിയ തിരക്കായിരുന്നു. മനീതി കൂട്ടായ്മ സംഘം പമ്പയിലെത്തിയതോടെ മരക്കൂട്ടം മുതൽ സന്നിധാനം വരെ പൊലീസ് അതീവ ജാഗ്രതയിലായി. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം നീട്ടി. സന്നിധാനത്തെ ഡ്യൂട്ടി മജിസ്ട്രേറ്റും സ്ഥിതിഗതികൾ നിരീക്ഷിച്ചു. മനീതി സംഘം രണ്ടാമതും മലചവിട്ടാൻ ഒരുങ്ങിയപ്പോൾ മാത്രമാണ് വലിയ നടപ്പന്തലിൽ പൊലീസ് നിലയുറപ്പിച്ചത്. എന്നാൽ ഇവർ പമ്പയിൽ നിന്ന് മടങ്ങിയെന്ന് അറിഞ്ഞതോടെ പൊലീസ് പിൻവാങ്ങി. 

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഇന്ന് കൂടുതലായി എത്തിയത്. പരമ്പരാഗത കാനനപാത വഴിയും ഇപ്പോൾ ധാരാളമായി തീർത്ഥാടകരെത്തുന്നുണ്ട്. നിരോധനാജ്ഞ നിലവിലുള്ള സാഹചര്യത്തിൽ പൊലീസ് അതീവ ജാഗ്രതയിലാണ്. സന്നിധാനത്തെ സ്ഥിതിഗതികൾ ഹൈക്കോടതി നിരീക്ഷണസമിതിയെയും കൃത്യമായി അറിയിക്കുന്നുണ്ട്.