കൊച്ചി: പാതയോരത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കരുതെന്ന് ഹൈക്കോടതി. മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജിയില്‍ വിധി വരുന്നത് വരെ ബാറുകള്‍ തുറക്കരുത് എന്നാണ് നിര്‍ദ്ദേശം. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. ദേശീയ പാതയെന്ന് മന്ത്രിക്കും സര്‍ക്കാരിനും ബോധ്യമുണ്ടെങ്കില്‍ എന്തിന് ബാറുകള്‍ തുറന്നു എന്നാണ് കോടതി ചോദിച്ചത്.
കോടതിയുടെ മുന്‍കാല ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ബാറുകള്‍ തുറന്നു എന്ന് ചൂണ്ടിക്കാട്ടി കൊയിലാണ്ടിയിലെ ലീഗ് കൗണ്‍സിലര്‍ നല്‍കിയ ഹര്‍ജിയിലാണ് വിമര്‍ശനം. ബാര്‍ തുറക്കാന്‍ കോടതി ഉത്തരവിട്ടിട്ടില്ല. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍മാര്‍ ദേശീയപാത ആണോ അല്ലെയോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ ബാറുകള്‍ തുറക്കാനാവു എന്നാണ് നിര്‍ദ്ദേശിച്ചത്.
നാളെ കോടതി ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ ഒരു മദ്യശാലകളും തുറക്കരുത്. മന്ത്രിക്കും സര്‍ക്കാരിനും ഉറപ്പുണ്ടെങ്കില്‍ മദ്യശാലകള്‍ക്ക് താഴിടണം. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും കോടതിയുടെ ചുമലില്‍ കയറി നിന്ന് ബാറുകള്‍ക്ക് വേണ്ടി വെടിയുതിര്‍ക്കുകയാണെന്നും കോടതി തുറന്നടിച്ചു.
സുപ്രീംകോടതിയുടെ മേലെയല്ല ഹൈക്കോടതി. ഹൈക്കോടതിയില്‍ ദുരൂഹമായി ഒന്നും നടക്കുന്നില്ല. പിഡിബ്ല്യൂഡി യുടെ അഭിഭാഷകന്‍ എന്ത് കൊണ്ട് ദേശീയപാത സംബന്ധിച്ച നോട്ടിഫിക്കേഷന്‍ കോടതിയില്‍ നല്‍കിയില്ല എന്നും ഹൈക്കോടതി ചോദിച്ചു. കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി പരാമര്‍ശങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
