കൊച്ചി: തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റത്തിനെതിരെ ഹൈക്കോടതി ഇടപെടൽ. അനധികൃത നിലം നികത്തലിനെതിരെ സർക്കാർ നൽകിയ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കാൻ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിർദേശം നൽകി. വിവിധ വകുപ്പുകൾ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. പത്ത് ദിവസത്തിനുള്ളിൽ സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.
കോടതി നിർദേശ പ്രകാരമാണ് സംസ്ഥാന അറ്റോണി കായൽ നികത്തൽ സംബസിച്ച് നൽകിയിട്ടുള്ള സ്റ്റോപ്പ് മെമ്മോ ഹൈക്കോടതിയിൽ ഹാജരാക്കിയത്. നികത്തിയ നിലത്തെ മണ്ണ് തിരിച്ചെടുക്കാൻ നിർദേശം നൽകിയതായും സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് മാർത്താണ്ഡം കായൽ നികത്തിയതിനു നൽകിയ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കാൻ ഇടക്കാല ഉത്തരവിലൂടെ കോടതി നിർദേശം നൽകിയത്. ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യം ഉറപ്പു വരുത്തണം. പത്തു ദിവസത്തിനകം സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി നിർദേശം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ആണ് തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങൾ പുറത്തു കൊണ്ടുവന്നത്. ഇതേത്തുടർന്നാണ് കൈയ്യേറിയ ഭൂമിയുടെ കൈവശാവകാശം റദ്ദാക്കണമെന്നും കായല്‍ ഭൂമി സര്‍വേ നടത്തി തിരിച്ചുപിടിക്കണമെന്നും ആവശ്യ പെട്ട് കൈനകരി പഞ്ചായത്തംഗം ഹൈ കോടതിയെ സമീപിച്ചത്.
തോമസ് ചാണ്ടി കൈയ്യേറിയ ഭൂമി കായല്‍ ഭൂമിയാണെന്ന് കുട്ടനാട് തഹസില്‍ദാറുടെ റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു. ഭൂമിയുടെ ഡാറ്റബാങ്ക് തയ്യാറാക്കണമെന്ന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത് മന്ത്രിയായ തോമസ് ചാണ്ടി അധികാരമുപയോഗിച്ച് അട്ടിമറിക്കുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പരാതിയുമായി റവന്യൂ അധികാരികളെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല എന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടർന്ന് സ ർക്കാറിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കൈയ്യേറ്റത്തിന് നൽകിയ സ്റ്റോപ്പ് മെമ്മോ കർശനമായി പാലിക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയത്.
