കൊച്ചി: തൃശൂര്‍ പൂരം ഇത്തവണയും പതിവു പോലെ നടക്കും. പൂരം വെടിക്കെട്ട് നടത്തുന്നതിന് എതിരായ കഴിഞ്ഞ ദിവസത്തെ വിധി കേരള ഹൈക്കോടതി ഭേദഗതി ചെയ്തതിനെ തുടര്‍ന്നാണിത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. 2007ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ അനുമതി. കോടതി വിധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സ്വാഗതം ചെയ്തു. സാമ്പിള്‍ വെടിക്കെട്ട് മുന്‍ നിശ്ചയിച്ച പ്രകാരം നാളെ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ആചാര പ്രകാരം പൂരം നടത്തുമെന്നും സംഘാടക സമിതി അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ്, ഉദയത്തിനും അസ്തമനത്തിനും ഇടയില്‍ വെടിക്കെട്ട് നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചത്. തുടര്‍ന്ന്, പൂരം നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു. അതിനെ തുടര്‍ന്നാണ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ മുന്‍ വിധി ഹൈക്കോടതി ഭേദഗതി ചെയ്തത്.
രാത്രി 10 മണിക്കു മുമ്പ് വെടിക്കെട്ട് നടത്താമെന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. മൂന്ന് ഉപാധികളാണ് ഹൈക്കോടതി മുന്നോട്ട് വെച്ചത്.
1. രാത്രി 10 മണിക്കു മുമ്പ് പൂരം തീര്‍ക്കണം. രാത്രി 10നും രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് നടത്താന്‍ പാടില്ല.
2. 125 ഡെസിബെല്ലിനു മുകളിലുള്ള ശബ്ദം പാടില്ല.
3. നിയമവിരുദ്ധമായ വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്.
2007ല്‍ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് ഹര്‍ജിക്കാരായ ദേവസ്വങ്ങള്‍ കോടതിക്കു മുമ്പാകെ ഹാജരാക്കി. രാത്രി 10 മണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ പൂരം വെടിക്കെട്ട് നടത്താന്‍ പാടില്ല എന്നായിരുന്നു സുപ്രീം കോടതി വിധി. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച പുതിയ ചട്ടം കൊണ്ടു വരുന്നത് വരെ ഈ വിധി ബാധകമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി പ്രകാരമാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
കോടതി വിധിയെ പൂരം സംഘാടകരും പൂരം പ്രേമികളും സ്വാഗതം ചെയ്തു. പൂരം ആചാര പ്രകാരം നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. സാമ്പിള്‍ വെടിക്കെട്ട് നാളെത്തന്നെ നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

