കൊച്ചി: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . കേസിൽ ഉടൻ വിചാരണ ആരംഭിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. 2017 ഫെബ്രുവരി 21 നാണ് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇയാളെ റിമാന്‍റില്‍ വിടുകയായിരുന്നു. അത്താണിയില്‍ വെച്ച് നടിയുടെ വാഹനത്തില്‍ ഇടിച്ച ടെമ്പോ ട്രാവലറില്‍ മണികണ്ഠന്‍ ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
2017 ഫെബ്രുവരി പതിനേഴിനാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവർത്തകർ സംഘടിപ്പിച്ച കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ വെളിപ്പെടുത്തലാണ് നടിയെ ആക്രമിച്ച കേസിൽ വഴിതിരിവുണ്ടാക്കുന്നത്. ക്വട്ടേഷൻ സംഘം പണത്തിന് വേണ്ടി നടത്തിയ കുറ്റകൃത്യം എന്ന നിലയിൽ അവസാനിച്ചേക്കാമായിരുന്ന കേസ് ദിലീപിലേക്ക് എത്തിയത് ഇതിന് പിറകെയാണ്.
ആദ്യ ഘട്ട അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച് കേസിൽ, അന്വേഷണം അവസാനിച്ചെന്ന പ്രതീതിയുണ്ടാക്കി ഗൂഢാലോചനക്കാർക്കായി വലവിരിച്ചിരിക്കുകയായിരുന്നു പോലീസ്. ഒടുവിൽ ഓഗസ്റ്റ് 10ന് ദിലീപ് അറസ്റ്റിലായതോടെയാണ് നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷനും അതിന് പിന്നിലുള്ള ഞെട്ടിക്കുന്ന കഥകളും പുറം ലോകമറിഞ്ഞത്.
