കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിണറായി വിജയനെ നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

ഹര്‍ജി പരിഗണനയ്ക്ക് പോലും അര്‍ഹമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം സംബന്ധിച്ച കേസ് പരിഗണിക്കവെ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്ക് തുടരാന്‍ അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കേരള സര്‍വ്വകലാശാലയുടെ മുന്‍ സിന്റിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍. നേരത്തെ നാല് സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ സമാന ആവശ്യം ഉന്നയിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.