ഹൈക്കോടതിയുടെ പുനഃപരിശോധന 1622 കേസുകളിലാണ് പുനഃപരിശോധന

കൊച്ചി: 1622 കേസുകള്‍ ഹൈക്കോടതി പുനഃപരിശോധിക്കുന്നു. കേസുകള്‍ നിയമവിരുദ്ധമായി തീർപ്പാക്കിയെന്ന ക​ണ്ടെത്തലിനെ തുടർന്ന്​ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) പരിഗണിച്ച 1622 കേസുകൾ ഹൈക്കോടതി പുനഃപരിശോധിക്കുന്നത്. സ്വമേധയാ റിവിഷൻ ഹര്‍ജികളായി പരിഗണിച്ച്​ തീർപ്പാക്കാനാണ്​ ഹൈക്കോടതി തീരുമാനം.

കേരളത്തിന്‍റെ നീതിന്യായ ചരിത്രത്തിലെ അസാധാരണ സംഭവം. കൊല്ലം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് ആർ. രാജേഷ് 2016 ജൂണ്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ തീര്‍പ്പാക്കിയ കേസുകളാണ് ഹൈക്കോടതി പുനഃ പരിശോധിക്കുന്നത്. നിയമവിരുദ്ധമായ തീര്‍പ്പാക്കിയെന്ന പരാതിയെത്തുര്‍ന്നാണ് നടപടി. 

കേസുകള്‍ ചട്ടവും നിയമവും മറികടന്ന് വേഗത്തില്‍ തീര്‍പ്പാക്കിയത് സ്വാഭാവിക നീതിയുടെ ലംഘനമായതിനാല്‍ ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 397, 401 വകുപ്പുകള്‍ പ്രകാരം സ്വമേധയാ റിവിഷന്‍ ഹരജി ഫയലില്‍ സ്വീകരിക്കാനാണ് തീരുമാനിച്ചത്. 1622 കേസുകൾ ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 258ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് നിയമവിരുദ്ധമായി തീര്‍പ്പാക്കിയതെന്നാണ്​ ആരോപണമുയർന്നത്​. ആരോപണം ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ്​കൊല്ലം ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ഹൈകോടതി വിജിലന്‍സ് റജിസ്റ്റാറും സമര്‍പ്പിച്ചത്​.

ഈ റിപ്പോർട്ടുകൾ 2017 സെപ്തംബര്‍ 18ന് ചേര്‍ന്ന മുതിർന്ന ഹൈക്കോടതി ജഡ്​ജിമാരടങ്ങുന്ന അഡ്​മിനിസ്​ട്രേറ്റീവ്​ കമ്മിറ്റി യോഗം പരിശോധിക്കുകയും മജിസ്ട്രറ്റ് നിയമവിരുദ്ധമായാണ് കേസുകള്‍ തീര്‍പ്പാക്കിയതെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി പകുതിയോളം കേസുകൾ സ്വമേധയാ ഹരജിയായി സിംഗിൾബഞ്ചിന്‍റെ പരിഗണനക്കെത്തി ഫയലില്‍ സ്വീകരിച്ചുവെന്നാണ്​​ വിവരം. ശേഷിക്കുന്നതിലെ നടപടികൾ പുരോഗമിക്കുകയാണ്​.അധികാരം സ്വേഛാപരവും നിയമവിരുദ്ധവുമായി വിനിയോഗിച്ചെന്ന കണ്ടെത്തലിൽ മജിസ്‌ട്രേറ്റിനെതിരെ അച്ചടക്ക നടപടിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്​. പുനഃ പരിശോധിക്കുന്നവയില്‍ അബ്കാരി, ലഹരി മരുന്ന്, മോട്ടോര്‍ വെഹിക്കിള്‍ നിയമ ലംഘന കേസുകളാണുള്ളത്.