പുതിയ ഹജ്ജ് നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘം സൗദിയില്‍ എത്തി. വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തിയ സംഘം ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹജ്ജ് സബ്സിഡി എടുത്തുകളയുന്ന സാഹചര്യത്തില്‍ ഹജ്ജുമായി ബന്ധപ്പെട്ട ചെലവ് ചുരുക്കുന്നതിനെ കുറിച്ചും സമിതി റിപ്പോര്‍ട്ട് തയ്യാറാക്കും.
ഇന്ത്യയില്‍ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന പുതിയ ഹജ്ജ്നയം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഉന്നതതല സംഘം സൗദിയില്‍ എത്തിയത്. ജിദ്ദയിലും മക്കയിലും മദീനയിലുമുള്ള വിവിധ ഹജ്ജ്, വ്യോമയാന വകുപ്പുകളുമായി സംഘം ചര്‍ച്ച നടത്തി. പുതിയ ഹജ്ജ് പോളിസിയുമായി ബന്ധപ്പെട്ട സംഘത്തിന്റെ നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കും. പാര്‍ലമെന്ററികാര്യ സെക്രട്ടറി അഫ്സല്‍ അമാനുള്ളയുടെ നേതൃത്വത്തില്‍ ആറംഗ സമിതിയാണ് പുതിയ നയ രൂപീകരണത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഹജ്ജ് സബ്സിഡി എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഈ സമിതിയാണ്. 2022 ആകുമ്പോഴേക്കും ഹജ്ജ് സബ്സിഡി പൂര്‍ണമായും എടുത്തുമാറ്റാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇത് നടപ്പിലാകുമ്പോള്‍ ഹജ്ജുമായി ബന്ധപ്പെട്ട ചിലവ് മറ്റുമാര്‍ഗങ്ങളിലൂടെ എങ്ങനെ ചുരുക്കാം എന്നതിനെ കുറിച്ചും സമിതി നിര്‍ദേശിക്കുമെന്ന് അഫ്സല്‍ അമാനുള്ള പറഞ്ഞു.
തീര്‍ഥാടകരുടെ യാത്ര, താമസ ചെലവുകള്‍ കുറയ്‌ക്കാനാണ് സമിതി ശ്രമിക്കുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് പുതിയ ഹജ്ജ് നയം നിലവില്‍ വരുന്നത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങളും നയത്തില്‍ ഉണ്ടാകും. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സമിതി അംഗങ്ങളായ റിട്ടയ്ഡ് ഹൈക്കോടതി ജഡ്ജി എസ്.എസ് പാര്‍ക്കര്‍, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ഷമിം തുടങ്ങിയവരും ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്, ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലം എന്നിവരും പങ്കെടുത്തു.
