ചെന്നൈ: ഫേസ്ബുക്കിലിട്ട ചിത്രത്തിന്‍റെ പേരില്‍ ശശികുമാര്‍ (22), കമല്‍ (35) എന്നീ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പോസ്റ്റ് ചെയ്ത ചിത്രം മറ്റൊന്നുമല്ല, കഞ്ചാവ് ചെടിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് യുവാക്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തന്‍റെ വീടിന്‍റെ ടെറസില്‍ കമല്‍ കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നു. 

ഇയാള്‍ ഈ ചെടിക്കൊപ്പം നില്‍ക്കുന്ന ചിത്രമെടുത്ത് ശശികുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പ്രൈവസി സെറ്റിംഗ്‌സ് മാറ്റുന്ന കാര്യം ശശികുമാര്‍ ഓര്‍ത്തില്ല. പബ്ലിക് ആയിരുന്ന പോസ്റ്റ് ആര്‍ക്കും കാണാവുന്നതായിരുന്നു. പോസ്റ്റ് വൈറലായതോടെ ഇരുവരും അറസ്റ്റിലായി. 

റോയാപേട്ടയില്‍ താമസിക്കുന്ന സുഹൃത്തുക്കളായ ഇരുവരും ടെറസില്‍ സംസാരിച്ചു കൊണ്ടിരിക്കെ കൗതുകത്തിന് പകര്‍ത്തിയ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടിയുടെ വിത്ത് പാകി കിളിര്‍പ്പിക്കുകയായിരുന്നു. സ്വന്തം ആവശ്യത്തിനാണ് ഇയാള്‍ കഞ്ചാവ് ചെടി വളര്‍ത്തിയതെന്നും വില്‍ക്കാനുള്ള ഉദ്ദേശം ഇല്ലായിരുന്നെന്നും പോലീസ് വ്യക്തമാക്കി. 

കഴിഞ്ഞ 22 വര്‍ഷമായി കമല്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഫോണില്‍ പകര്‍ത്തിയ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യരുതെന്ന് കമല്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ സുഹൃത്തിന് പ്രശസ്തി കിട്ടട്ടെ എന്ന് കരുതി താന്‍ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ശശികുമാര്‍ പറഞ്ഞു