ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തോടെ ദേശീയ പാതയോരത്തെ ബാര്‍ വിഷയത്തിൽ സര്‍ക്കാരിന്‍റെ കള്ളക്കളി കൂടുതൽ വെളിപ്പെട്ടു. കുറ്റിപ്പുറം കണ്ണൂരും ചേര്‍ത്തല കഴക്കൂട്ടവും ദേശീയപാതയാണെന്ന് കാര്യം കോടതിയിൽ നിന്ന് സര്‍ക്കാര്‍ മറച്ചുവച്ചുവെന്നാണ് വ്യക്തമാകുന്നത്. കോടതി വിമര്‍ശനത്തെക്കുറിച്ച് പരിശോധിച്ച് മറുപടി നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. എക്സൈസ് മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
കോടതിയുടെ ചുമലിൽ കയറി ബാറുടമകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ വെടിവച്ചു എന്ന കോടതി പരാമര്‍ശം ഒളിച്ചു കളിയുടെ മറ പൊളിച്ചു. ദേശീയ പാതയാണെന്ന് സര്‍ക്കാരിനും മന്ത്രിക്കും ബോധ്യപ്പെട്ടിട്ടും ബാറുകള്‍ എന്തിന് തുറന്നു കൊടുത്തുവെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. ഹര്‍ജികളിൽ എക്സൈസ് ,പൊതുമരാമത്ത് നികുതി വകുപ്പുകള്‍ എതിര്‍ കക്ഷിയാണ് . ദേശീയ പാതയാണെന്ന് കാര്യം പൊതുമരാത്ത് വകുപ്പ് അഭിഭാഷകൻ വാദത്തിനിടെ കോടതിയെ അറിയിച്ചില്ലെന്നാണ് വിമര്‍ശനത്തിൽ നിന്ന് വ്യക്തമാകുന്നത്. അപ്പീലിനോ കോടതി നിര്‍ദേശത്തിൽ വ്യക്തത വരുത്താനോ തുടര്‍ നടപടകളുമെടുത്തില്ല .എന്നാൽ മദ്യശാലകള്‍ തുറക്കാൻ എക്സൈസ് നടപടികളുമെടുത്തു.
കോടതിയിൽ തെറ്റായ വിവരങ്ങള്‍ നല്‍കി മദ്യശാല തുറക്കാൻ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി വിമര്‍ശിച്ചു.
പുതിയ മദ്യനയത്തിലൂടെ ബാറുകള്‍ തുറക്കാൻ സര്‍ക്കാര്‍ ഒരുങ്ങുന്പോഴാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
