Asianet News MalayalamAsianet News Malayalam

കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സുരേന്ദ്രന്‍റെ പേരില്‍ എട്ട് വാറന്‍റുകള്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍.... മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ജയിലിലിടാന്‍ പറ്റുമെന്നും കോടതി 

highcourt criticize k surendran
Author
Kochi, First Published Dec 6, 2018, 10:59 AM IST

കൊച്ചി: ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും കോടതി ചോദിച്ചു. 

 

സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നു. ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതേസമയം കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. 

സുരേന്ദ്രന്‍റെ പ്രവൃത്തികള്‍ ന്യായീകരിക്കാനാവില്ലെന്നും ഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ച് വിടാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രനെന്നും‍. സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് സര്‍ക്കാര്‍ വാദിച്ചു. 

അതേസമയം ചിത്തിര ആട്ട വിശേഷത്തിന് ഉണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ഇതിന്‍റ ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സംഘര്‍ഷങ്ങളുടെ ഇടയില്‍ ഒരു തീര്‍ത്ഥാടകയുടെ ചുണ്ടിന് പരിക്കേറ്റു എന്നതൊഴിച്ചാല്‍ വധശ്രമക്കേസ് എടുക്കേണ്ട രീതിയിലുള്ള സംഘര്‍ഷം അവിടെ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. 

സുരേന്ദ്രന്‍റെ പേരില്‍ നിലവില്‍ നിരവധി കേസുകളുണ്ടെന്നും എട്ട് വാറന്‍റുകള്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍  മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ഇങ്ങൻെ ജയിലിലിടാന്‍ പറ്റുമെന്നും കോടതി തിരിച്ചു ചോദിച്ചു. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയില്‍  ബാക്കി വാദം പൂര്‍ത്തിയാക്കി നാളെ തന്നെ വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios