ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തതില്‍ ഒരു കൂട്ടം പേര്‍ ദേശീയ പതാക ഏന്തി റാലി നടത്തി പ്രതിഷേധിച്ചു. ഹിന്ദു എക്താ മാര്‍ച്ച് എന്ന പേരിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഏകതാ മാര്‍ച്ച് എന്ന പേരില്‍ നടത്തിയ മാര്‍ച്ച് ഗാഗ്വാള്‍ മുതല്‍ ഹിരാനഗര്‍ വരെയാണ് നടന്നത്. കാശ്മീരിലെ കതുവാ ജില്ലയിലാണ് സംഭവം

കുട്ടിയെ കാണാതായതും ബലാത്സംഗം ചെയ്യപ്പെട്ടതും ആദ്യം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനാണ് കുട്ടിയെ ക്രൂരകൃത്യത്തിന് ഇരയാക്കിയത്. ക്രൂരതയ്ക്കിരയായ ആസിയ എന്ന പെണ്‍കുട്ടിയെ ജനുവരി 10നാണ് കാണാതായത്. ഒരാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടി മരിക്കുന്നതിന് മുന്‍പ് ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു. ആദ്യം നടന്ന പോലീസ് അന്വേഷണം പ്രഹസനമായിരുന്നു. തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ആദ്യം കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ദീപക് ഖജുരിയ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. 

ഈ പ്രതിക്ക് വേണ്ടിയാണ് ഹിന്ദു എക്താ മഞ്ച് ദേശീയ പതാകയുമേന്തി പ്രതിഷേധ പ്രകടനം നടത്തിയത്. ദേശീയ തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത വൈറലാകുകയാണ്. ഇത്തരം റാലിക്ക് ദേശീയ പതാക ഉപയോഗിച്ചതിനെതിരെ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തന്നെ ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചു. ഇതിനെതിരെ നിയമ നടപടി എടുക്കുമെന്നും അവര്‍ അറിയിച്ചു.

Scroll to load tweet…

പ്രദേശിക ബിജെപി നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത് എന്നാണ് കാശ്മീരിലെ പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന സെക്രട്ടറി വിജയ് ശര്‍മ്മ ഈ മാര്‍ച്ചിനെ അനുകൂലിച്ച് ഒരു പ്രാദേശിക മാധ്യമത്തിന് പ്രസ്താവനയും നല്‍കി. അത് പ്രകാരം ദീപക് ഖജുരിയ തെറ്റായി പ്രതി ചേര്‍ക്കപ്പെട്ടതാണെന്നും സംഭവത്തില്‍ സിബിഐ അന്വഷണം വേണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.