ടെഹ്‌റാന്‍: ഇറാനിലെ ചാബഹര്‍ തുറമുഖ വികസനത്തില്‍ ഇന്ത്യ പങ്കാളിയാകും. ഇതുള്‍പ്പടെ പത്തു കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്കു ശേഷം ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ഇറാന്‍ സന്ദര്‍ശനത്തിന് ശേഷം മോദി ഇന്ത്യയിലേക്ക് തിരിച്ചു. ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖൊമേനിയുമായി മോദി കൂടിക്കാഴ്ച നടത്തി.

ടെഹ്റാനിലെ സാദബാദ് കൊട്ടാരത്തില്‍ ഗംഭീര വരവേല്‍പ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുടെ നേതൃത്വത്തില്‍ നല്‍കിയത്. നരേന്ദ്ര മോദി ഹസന്‍ റുഹാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷം ഊര്‍ജ്ജം, തുറമുഖം, വ്യാപാരം, ശാസ്‌ത്ര സാങ്കേതികം തുടങ്ങിയ മേഖലകളെ സംബന്ധിച്ച പത്തു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു.

ഭീകരവാദത്തെ യോജിച്ച് നേരിടുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. ഇതിനായി രഹസ്യാന്വേഷണ വിവരങ്ങള്‍ പരസ്‌പരം കൈമാറും. തെക്ക് കിഴക്കന്‍ ഇറാനിലെ ചാബഹര്‍ തുറമുഖത്തിലെ രണ്ട് ടെര്‍മിനലും അഞ്ച് ചരക്കു ബര്‍ത്തുകളും ഇന്ത്യ പാട്ടത്തിനെടുത്ത് വികസിപ്പിച്ച് ഉപയോഗിക്കുന്നതിനുള്ള കരാറിലും ഏറെ നാളത്തെ ആലോചനകള്‍ക്ക് ശേഷം ഒപ്പു വച്ചു. ഇന്ത്യാ ഇറാന്‍ ബന്ധത്തിന്റെ നീണ്ട ചരിത്രത്തില്‍ ഇത് സുപ്രധാന നാഴികല്ലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചാബഹര്‍ വഴി ഇന്ത്യാ- ഇറാന്‍- അഫ്ഗാനിസ്ഥാന്‍ വ്യപാര പാതയ്‌ക്കുള്ള കരാറില്‍ ഒപ്പു വയ്‌ക്കുന്ന ചടങ്ങില്‍ മോദിക്കും റുഹാനിക്കും പുറമെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയും പങ്കു ചേര്‍ന്നു. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷയിലേക്കും പാകിസ്ഥാനെ ആശ്രയിക്കാതെ വ്യാപാരത്തിനുള്ള ഒരു കവാടം ചാബഹാറിലൂടെ ഇന്ത്യക്ക് തുറന്നു കിട്ടുകയാണ്. പാകിസ്ഥാനിലെ ഖ്വാദര്‍ തുറമുഖം ഏറ്റെടുത്ത് വികസിപ്പിക്കുന്ന ചൈനയ്‌ക്കുള്ള മറുപടി കൂടിയാണ് ചാബഹറിലുടെ ഇന്ത്യ നല്‍കിയിരിക്കുന്നത്.